Tuesday, November 26, 2024

ബംഗ്ലാദേശ് കലാപം; ഇന്ത്യന്‍ വിസ കേന്ദ്രങ്ങള്‍ അനിശ്ചിത കാലത്തേയ്ക്ക് അടച്ചു

ഷെയ്ഖ് ഹസീന ഗവണ്‍മെന്റിന്റെ പതനത്തിന് പിന്നാലെ ബംഗ്ലാദേശില്‍ നിലനില്‍ക്കുന്ന അസ്ഥിരമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ ഇന്ത്യന്‍ വിസ അപേക്ഷ കേന്ദ്രങ്ങളും അനിശ്ചിത കാലത്തേയ്ക്ക് അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ, വിസ കേന്ദ്രങ്ങള്‍ തുറക്കില്ല. സേവനങ്ങള്‍ ആരംഭിക്കുന്ന തീയതി സന്ദേശങ്ങളിലൂടെ അറിയിക്കുമെന്നും ഇന്ത്യന്‍ വിസ കേന്ദ്രം അവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.

ബംഗ്ലാദേശിലെ പ്രക്ഷോഭത്തെ തുടര്‍ന്ന് ധാക്കയിലെ ഹൈക്കമ്മീഷനിലെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഇന്ത്യ കഴിഞ്ഞ ദിവസം തിരികെ എത്തിച്ചിരുന്നു. ഹൈക്കമ്മീഷനില്‍ നിലവില്‍ സേവനമാവശ്യമില്ലാത്ത 190 ജീവനക്കാരെയാണ് ഇന്ത്യയിലേയ്ക്ക് തിരികെ വിളിച്ചത്. നയതന്ത്രജ്ഞരോട് ബംഗ്ലദേശില്‍ തന്നെ തുടരാനാണ് നിര്‍ദേശം.

മുപ്പതോളം ജീവനക്കാര്‍ ഇപ്പോഴും ഹൈക്കമ്മീഷനില്‍ തന്നെ തുടരുന്നുണ്ടെന്നാണ് വിവരം. പതിനായിരത്തോളം ഇന്ത്യക്കാര്‍ നിലവില്‍ ധാക്കയില്‍ താമസിക്കുന്നുണ്ടെന്നും അവരുമായി കേന്ദ്ര സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞിരുന്നു. ഈ ഇന്ത്യക്കാരെ എത്രയും വേഗം ഒഴിപ്പിക്കാന്‍ മാത്രമുള്ള അടിയന്തര സാഹചര്യം ബംഗ്ലാദേശില്‍ നിലനില്‍ക്കുന്നില്ലെന്നും സര്‍വകക്ഷി യോഗത്തിനിടെ അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബംഗ്ലാദേശില്‍ കഴിയുന്ന ഇന്ത്യക്കാര്‍ വീടുകളിലും ക്ഷേത്രങ്ങളിലും വച്ച് ആക്രമിക്കപ്പെടുന്നത് രാജ്യത്ത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഷെയ്ഖ് ഹസീനയുടെ രാജിയ്ക്ക് പിന്നാലെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിനിടെ രാജ്യത്തുടനീളം വ്യപകമായി അക്രമ സംഭവങ്ങളും കൊള്ളയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ബംഗ്ലാദേശിലുടനീളം ഇരുപതിലധികം അവാമി ലീഗ് നേതാക്കളുടെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളത്.

 

 

Latest News