Wednesday, November 27, 2024

ബംഗ്ലാദേശ് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് സയ്യിദ് രിഫാത് അഹ്മദ്

ബംഗ്ലാദേശ് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി സയ്യിദ് രിഫാത് അഹ്മദ് സത്യപ്രതിജ്ഞ ചെയ്തു. ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മുഹമ്മദ് ശഹാബുദ്ദീന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇടക്കാല സര്‍ക്കാറിന്റെ തലവനായ പ്രഫ. മുഹമ്മദ് യൂനുസ് ചടങ്ങില്‍ പങ്കെടുത്തു.

ബംഗ്ലാദേശിന്റെ 25ാമത്തെ ചീഫ് ജസ്റ്റിസായി രിഫാത് അഹ്മദിനെ ശനിയാഴ്ചയാണ് പ്രസിഡന്റ് നിയമിച്ചത്. ഹൈകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് അദ്ദേഹം. യു.എസിലെ ഓക്സ്ഫഡ്, ടഫ്റ്റ്സ് സര്‍വകലാശാലകളിലും ധാക്ക സര്‍വകലാശാലയിലുമാണ് പഠനം പൂര്‍ത്തിയാക്കിയത്.

വിദ്യാര്‍ഥി പ്രക്ഷോഭകരുടെ അന്ത്യശാസനയെ തുടര്‍ന്ന് ശൈഖ് ഹസീനയുടെ വിശ്വസ്തനായ ജസ്റ്റിസ് ഉബൈദ് ഹസനും മറ്റ് അഞ്ച് ഡിവിഷന്‍ ബെഞ്ച് ജഡ്ജിമാരും രാജിവെച്ചതോടെയാണ് പുതിയ ചീഫ് ജസ്റ്റിസിനെ നിയമിച്ചത്.

ശൈഖ് ഹസീന രാജിവെച്ച് നാടുവിട്ടതിന്റെ അഞ്ചാം ദിവസമാണ് വിവേചന വിരുദ്ധ വിദ്യാര്‍ഥി മുന്നേറ്റം സംഘടനയുടെ നേതൃത്വത്തില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ നിരവധി ജഡ്ജിമാരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച സുപ്രീംകോടതി വളഞ്ഞത്.

 

Latest News