സര്‍ക്കാര്‍മേഖലയിലെ തൊഴില്‍ സംവരണത്തിനെതിരേ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ 123 പേര്‍ കൊല്ലപ്പെട്ട ബംഗ്ലാദേശില്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച നിശാനിയമം പ്രഖ്യാപിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കൂര്‍ നിശാനിയമത്തില്‍ ഇളവുനല്‍കി. നിയമം ലംഘിക്കുന്നവരെ കണ്ടാലുടന്‍ വെടിവെക്കാന്‍ പോലീസിനു നിര്‍ദേശമുണ്ട്.
തലസ്ഥാനമായ ധാക്കയിലെ പ്രധാനതെരുവുകളിലെല്ലാം പട്ടാളം നിലയുറപ്പിച്ചു. റോഡുകളടച്ചു. പുറത്തിറങ്ങിയവരെ തിരിച്ചറിയല്‍രേഖകള്‍ പരിശോധിച്ചാണ് കടത്തിവിട്ടത്. പ്രക്ഷോഭം നേരിടാന്‍ വ്യാഴാഴ്ചതന്നെ പ്രധാനനഗരങ്ങളിലെല്ലാം സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചിരുന്നു.
അതിനിടെ, വെള്ളിയാഴ്ച മധ്യധാക്കയിലെ നര്‍സിങ്ദിയില്‍ ജയിലില്‍ ഇരച്ചുകയറി 850 തടവുകാരെ പ്രക്ഷോഭകര്‍ മോചിപ്പിച്ചു. ജയില്‍ക്കെട്ടിടത്തിന് തീയിട്ടു. കൂട്ടംചേരല്‍ നിരോധിച്ചശേഷവും പ്രതിഷേധിച്ചവര്‍ക്കെതിരേ പലയിടത്തും പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു.
ചിലയിടത്ത് ഭരണകക്ഷിയായ അവാമി ലീഗിന്റെ വിദ്യാര്‍ഥിസംഘടനയും പ്രതിഷേധക്കാരും ഏറ്റമുട്ടി. ഒട്ടേറെപ്പേരെ അറസ്റ്റുചെയ്തു. അന്താരാഷ്ട്ര അവകാശസംഘടനകളും യൂറോപ്യന്‍ യൂണിയനും സംഘര്‍ഷങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി.