കലാപം പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശില്‍ നിന്നും 6700 ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാട്ടില്‍ തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ബംഗ്ലാദേശിലെ ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അതിര്‍ത്തിയിലേക്കും വിമാനത്താവളത്തിലേക്കും സുരക്ഷിത യാത്ര ക്രമീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാര്‍ക്കായി 24 മണിക്കൂറും ഹെല്പ് ലൈന്‍ നമ്പറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ ഇപ്പോള്‍ നടക്കുന്നത് രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നമായാണ് ഇന്ത്യ കാണുന്നത്. രാജ്യത്തെ സംഭവവികാസങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ഉടന്‍ സാധാരണ നിലയിലാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.