Monday, November 25, 2024

ബംഗ്ലാദേശില്‍ വീണ്ടും സംഘര്‍ഷം

ഒരിടവേളയ്ക്കുശേഷം ബംഗ്ലാദേശില്‍ വീണ്ടും സംഘര്‍ഷം. വിദ്യാര്‍ഥികളും അര്‍ധസൈനിക വിഭാഗമായ അന്‍സാര്‍ ഗ്രൂപ്പ് അംഗങ്ങളും തമ്മില്‍ ധാക്കയിലെ സെക്രട്ടറിയറ്റിന് മുന്നില്‍ ഞായര്‍ രാത്രി ഏറ്റുമുട്ടി. ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ച വിദ്യാര്‍ഥി പ്രക്ഷോഭ നേതാക്കളില്‍ പ്രധാനിയും ഇടക്കാല സര്‍ക്കാരിലെ ഉപദേശക കൗണ്‍സില്‍ അംഗവുമായ നഹിദ് ഇസ്ലാമിനെ അന്‍സാര്‍ ഗ്രൂപ്പ് അംഗങ്ങള്‍ തടഞ്ഞുവച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു വിദ്യാര്‍ഥികളുടെ സെക്രട്ടറിയറ്റ് മാര്‍ച്ച്. അര്‍ധസൈനികര്‍ ‘ഏകാധിപത്യത്തിന്റെ ഏജന്റുമാരാ’ണെന്ന് വിദ്യാര്‍ഥികള്‍ മുദ്രാവാക്യം മുഴക്കി.

അതിനിടെ, ഇന്ത്യയിലുള്ള രണ്ട് മുതിര്‍ന്ന നയതന്ത്രജ്ഞരെ പിരിച്ചുവിട്ടതായി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമീഷനിലെ പ്രസ് ഫസ്റ്റ് സെക്രട്ടറി ഷബാന്‍ മഹ്മൂദിനെയും കൊല്‍ക്കത്ത കോണ്‍സുലേറ്റില്‍ ഇതേ ചുമതല വഹിക്കുന്ന രഞ്ജന്‍ സെന്നിനെയുമാണ് പുറത്താക്കിയത്.

ഇതിനിടെ നിയമവിരുദ്ധമായി അതിര്‍ത്തികടന്ന് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് സ്വദേശികളെ ത്രിപുരയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന ലങ്കാമുര ടൗണിലേക്ക് ബംഗ്ലാദേശ് സ്വദേശികള്‍ കടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ത്രിപുര പൊലീസും അതിര്‍ത്തിരക്ഷാ സേനയും നടത്തിയ അന്വേഷണത്തിലാണ് പടിഞ്ഞാറന്‍ അഗര്‍ത്തലയില്‍ നിന്ന് ഞായറാഴ്ച ഇവര്‍ പിടിയിലായത്.

ബംഗ്ലാദേശില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ സമയമെടുക്കുമെന്ന് ആവര്‍ത്തിച്ച് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേശകന്‍ മൊഹമ്മദ് യൂനുസ്. മലപോലെ ഭീമാകാരമായ പ്രതിസന്ധികളാണ് മുന്നിലുള്ളത്. ഉദ്ദേശിക്കുന്ന പരിഷ്-കാരങ്ങള്‍ നടപ്പാക്കുംവരെ കാത്തിരിക്കണം– അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യ ഉപദേഷ്ടാവിന്റെ പ്രസംഗം നിരാശാജനകമാണെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി പ്രതികരിച്ചു.

Latest News