ശ്രീലങ്ക നേരിട്ട പോലുള്ള പ്രതിസന്ധി ബംഗ്ലാദേശിന് നേരിടേണ്ടി വരുമെന്ന ആശങ്കകളെ തള്ളിക്കളഞ്ഞ് പ്രധാനമന്ത്രി ശൈഖ് ഹസീന. കോവിഡ് വ്യാപനവും യുക്രെയ്നിലെ സംഘർഷവും ഒരുമിച്ചു വന്നിട്ടും തന്റെ രാജ്യത്തിന്റെ സമ്പദ്വ്യവവസ്ഥ ശക്തമായി തുടരുകയാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. തന്റെ ഭരണകൂടം ഏത് തരത്തിലുള്ള വായ്പകൾ സ്വീകരിക്കുമ്പോഴും ജാഗ്രത പുലർത്തുകയും വായ്പ കൃത്യമായി തിരിച്ചടക്കുകയും ചെയ്യുന്നുണ്ടെന്ന് ഇവർ കൂട്ടിച്ചേർത്തു.
ലോകം മുഴുവൻ സാമ്പത്തിക പ്രശ്നം അഭിമുഖീകരിക്കുന്നു. ഞങ്ങൾക്കും പ്രശ്നങ്ങളുണ്ട്. എന്നാൽ ചിലർ ബംഗ്ലാദേശ് ശ്രീലങ്കയാകും എന്നൊക്കെ പറയുന്നു. എന്നാൽ അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പു നൽകുന്നു. കാരണം എല്ലാ വികസന പദ്ധതികളും തയ്യാറാക്കുന്നതും നടപ്പിലാക്കുന്നതും, അതിൽ നിന്ന് എന്ത് തിരിച്ചുകിട്ടുമെന്നും ജനങ്ങൾക്ക് എങ്ങനെ ഉപകാരപ്പെടുമെന്നും നോക്കിയിട്ടാണ്. അല്ലാതെ പണം ചെലവഴിക്കാൻ വേണ്ടി മാത്രം ഒരു പദ്ധതിയും നടപ്പാക്കാറില്ല. -ഹസീന പറഞ്ഞു.
എ.എൻ.ഐക്ക് അനുവദിച്ച അഭിമുഖത്തിൽ ആണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ഈ കാര്യം വെളിപ്പെടുത്തിയത്. സമ്പദ് ഗതിയും വികസനവും വളരെ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണ് തങ്ങളുടെ നയം എന്നും ഹസീന വെളിപ്പെടുത്തി.