പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കീഴിൽ രാജ്യത്തിന്റെ ഉയർന്ന വളർച്ച വ്യാജമാണെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ തലവനും നൊബേൽ സമ്മാനജേതാവുമായ മുഹമ്മദ് യൂനുസ്. ഓഗസ്റ്റിൽ സർക്കാർ ചുമതലയേറ്റ യൂനുസ്, 15 വർഷത്തെ ഭരണത്തിൽ ഹസീനയുടെ അഴിമതിയെ അന്താരാഷ്ട്രസമൂഹം ചോദ്യം ചെയ്യാത്തതിനെ വിമർശിച്ചു. നിലവിൽ ഇന്ത്യയിലുള്ള ഹസീന, മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ, അഴിമതി എന്നിവയ്ക്ക് അന്വേഷണം നേരിടുകയാണ്.
വിശാലാടിസ്ഥാനത്തിലുള്ളതും ഉൾക്കൊള്ളുന്നതുമായ വളർച്ചയുടെ പ്രാധാന്യം യൂനുസ് ഊന്നിപ്പറഞ്ഞു. സാമ്പത്തിക വളർച്ചാനിരക്കുകളെക്കാൾ പാവപ്പെട്ടവരുടെ ജീവിതനിലവാരമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായതിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ആഹ്വാനം ചെയ്തു.
വിചാരണ നേരിടാൻ ഹസീനയെ ഇന്ത്യ ബംഗ്ളാദേശിന് കൈമാറണമെന്ന് യൂനുസ് ആവശ്യപ്പെട്ടു. 2025 അവസാനമോ, 2026 ആദ്യമോ തിരഞ്ഞെടുപ്പ് വാഗ്‌ദാനം ചെയ്‌തിരിക്കെ, തനിക്ക് സ്ഥാനാർഥിയാകാൻ താൽപര്യമില്ലെന്ന് യൂനുസ് വ്യക്തമാക്കി.