ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ എല്ലാ ബാങ്കുകളും പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. മാര്‍ച്ച 31, ഞായറാഴ്ചയാകും ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനം കണക്കിലെടുത്താണ് നിര്‍ദ്ദേശം. തീരുമാനം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമെന്നും വിവരം ഇടപാടുകാരെ അറിയിക്കണമെന്നും ആര്‍ബിഐ.
മാര്‍ച്ച് 25, 26 ദിവസങ്ങളില്‍ ഹോളി പ്രമാണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാങ്കുകള്‍ക്കു അവധിയാണ്. മാര്‍ച്ച് 29 ദുഃഖവെള്ളി പ്രമാണിച്ച് ബാങ്കുകള്‍ അടഞ്ഞുകിടക്കും. മാര്‍ച്ച് 30 ശനിയാഴ്ചയാണ്. ഈ അവധികള്‍ കൂടി കണക്കിലെടുത്താണ് ബാങ്കുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം എല്ലാ ബാങ്കുകളും തുറന്നു പ്രവര്‍ത്തിക്കില്ല. സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ഏജന്‍സി ബാങ്കുകളും തുറക്കാനാണു നിര്‍ദേശം.
2023- 24 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ രസീതുകളും പേയ്‌മെന്റുകളും സംബന്ധിച്ച എല്ലാ സര്‍ക്കാര്‍ ഇടപാടുകളും പൂര്‍ത്തിയാക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്ക് ശാഖകളും തുറക്കാനാണ് ഉത്തരവ്. അതേസമയം പൊതുജനങ്ങളുടെ ഇടപാടുകള്‍ പരിമിതമായിരിക്കും.