തട്ടിപ്പുകാരായി പ്രഖ്യാപിക്കും മുമ്പ് ബാങ്കുകള്‍ വായ്പയെടുത്തവരുടെ വാദംകൂടി കേള്‍ക്കണമെന്നു സുപ്രീംകോടതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. വ്യാജ അക്കൗണ്ടുകളായി പ്രഖ്യാപിക്കുന്നതിനായി റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുള്ള നടപടിക്രമങ്ങളില്‍ വായ്പയെടുത്തിട്ടുള്ളവരുടെ വാദംകൂടി ഉള്‍പ്പെടുത്തണമെന്നാണു കോടതിയുടെ നിര്‍ദേശം.
തട്ടിപ്പു നടത്തിയ അക്കൗണ്ടുകളായി പ്രഖ്യാപിക്കുന്നതോടെ വായ്പയെടുത്തവര്‍ ഗുരുതരമായ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ നേരിടേണ്ടിവരും. കടക്കാരെ കരിമ്പട്ടികയില്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്കുവരെ നീളും. അതിനാല്‍, വായ്പയെടുത്തവര്‍ക്കു പറയാനുള്ളതുകൂടി നിര്‍ബന്ധമായും കേള്‍ക്കണം. ഇതുസംബന്ധിച്ച സുപ്രധാന നിര്‍ദേശങ്ങളില്‍നിന്ന് സ്വാഭാവിക നീതി ഒഴിവാക്കപ്പെടരുതെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചു.