2014 – ൽ രാജ്യത്ത് നിരോധിച്ച ചൈനീസ് വെളുത്തുള്ളി വീണ്ടും ഇന്ത്യയിലെത്തിയതായി ടൈംസ് നൗ റിപ്പോർട്ട്. ഗുജറാത്തിലെ രാജ്കോട്ടിലെ ഗോണ്ടൽ അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കോഓപ്പറേറ്റീവിൽ (എപിഎംസി) നിരവധി ബാഗുകൾ ചൈനീസ് വെളുത്തുള്ളി കണ്ടെത്തിയതിനെ തുടർന്ന് വ്യാപാരികൾ പ്രതിഷേധം സംഘടിപ്പിച്ചു.
നിരോധിത വെളുത്തുള്ളിയുടെ ഈ വരവ് കർഷകരെയും വ്യാപാരികളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ്. ഒരു വ്യാപാരി 750 കിലോ ചൈനീസ് വെളുത്തുള്ളി വിപണിയിൽ കൊണ്ടുവന്നത് സ്റ്റോക്ക് പിടിച്ചെടുക്കാനും വ്യാപാരം നിർത്തിവയ്ക്കാനും ഇടയാക്കിയ സംഭവം ആശങ്ക ഉയർത്തി. ഈ വിഷയം ബന്ധപ്പെട്ട അധികാരികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്താണ് ചൈനീസ് വെളുത്തുള്ളി, എന്തുകൊണ്ട് ഇത് നിരോധിച്ചിരിക്കുന്നു?
ലോകത്തിലെ ഏറ്റവും വലിയ വെളുത്തുള്ളി ഉത്പാദക രാജ്യമാണ് ചൈന. രാസവസ്തുക്കളുടെയും കീടനാശിനികളുടെയും തീവ്രമായ ഉപയോഗം ഉൾപ്പെടുന്ന ആധുനിക കൃഷിരീതികൾ ഉപയോഗിച്ചാണ് വെളുത്തുള്ളി വളർത്തുന്നത്. ഈ കൃഷിരീതികൾ ചൈനീസ് വെളുത്തുള്ളി ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ദൂഷ്യവശങ്ങളെക്കുറിച്ചാണ് ആശങ്ക ഉയരുന്നത്. അതുകൊണ്ട് തന്നെ ഇത് 2014-ൽ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിന് നിരോധനമേർപ്പെടുത്തി. വിലക്കുറവാണ് ചൈനീസ് വെളുത്തുള്ളിയോട് വ്യാപാരികൾക്കും പ്രിയം.
ഇന്ത്യൻ വെളുത്തുള്ളിയും ചൈനീസ് വെളുത്തുള്ളിയും തമ്മിലുള്ള വ്യത്യാസങ്ങൾ
രണ്ട് തരത്തിലുള്ള വെളുത്തുള്ളിയും വിപണിയിൽ ലഭ്യമാണെങ്കിലും അവ തമ്മിൽ വേർതിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
ഇന്ത്യൻ വെളുത്തുള്ളിയെ അപേക്ഷിച്ച് ചൈനീസ് വെളുത്തുള്ളി ചെറുതായി കാണപ്പെടുന്നു. ഇളം വെള്ളയും പിങ്ക് കലർന്ന നിറവുമാണ് ഇതിനുള്ളത്. ഇന്ത്യൻ വെളുത്തുള്ളി വലിപ്പത്തിലും രൂപത്തിലും വലുതും സാധാരണയായി കൂടുതൽ കരുത്തുറ്റതുമാണ് അതോടൊപ്പം തീക്ഷണമായ ഗന്ധവുമുണ്ട്.
ചൈനീസ് വെളുത്തുള്ളി പലപ്പോഴും സിന്തറ്റിക് രാസവസ്തുക്കളും കീടനാശിനികളും ഉപയോഗിച്ചാണ് ഉത്പാദിപ്പിക്കുന്നത്, ഇത് ആരോഗ്യത്തിന് അപകടകരമാണ്. നിരോധിത ചൈനീസ് വെളുത്തുള്ളി വാങ്ങുന്നത് ഒഴിവാക്കാൻ, ഉപഭോക്താക്കൾ വെളുത്തുള്ളിയുടെ വലിപ്പം, നിറം, മണം എന്നിവ ശ്രദ്ധിക്കണം. ഇന്ത്യൻ വെളുത്തുള്ളിക്ക് ശക്തമായ ഗന്ധമുള്ളതും പൊതുവെ വലുതുമാണ്, അതേസമയം ചൈനീസ് വെളുത്തുള്ളി ചെറുതായി കാണപ്പെടുകയും നേരിയ മണമുള്ളതുമാണ്.