നിരോധിത 2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനു ആവശ്യമായ നടപടികള്‍ പൂര്‍ത്തിയായതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ). ഇന്നു മുതല്‍ രാജ്യത്തെ ഏതു ബാങ്കില്‍ നിന്നും നിരോധിത നോട്ടുകള്‍ മാറിയെടുക്കാമെന്നാണ് ആര്‍ ബി ഐ-യുടെ നിര്‍ദ്ദേശം. നോട്ടുകള്‍ മാറ്റുന്നതിനായി ബാങ്കുകളില്‍ ഐഡി പ്രൂഫ് നല്‍കേണ്ടതില്ലെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
രാജ്യത്ത് സെപ്റ്റംബര്‍ 30 വരെയാണ് 2000 രൂപയ്ക്ക് അതേ മൂല്യമുള്ള മറ്റു നോട്ടുകള്‍ കൈമാറ്റം ചെയ്തെടുക്കാന്‍ നിശ്ചയിച്ചിരിക്കുന്ന സമയപരിധി. ആര്‍ബിഐ പറയുന്നതനുസരിച്ച്, ആര്‍ക്കും ഒരേസമയം 20,000 രൂപ വരെയുള്ള നോട്ടുകള്‍ മാറ്റാം. എന്നാല്‍ ബാങ്കുകള്‍ 2000 രൂപ നോട്ടുകള്‍ പുതുതായി ആര്‍ക്കും നല്‍കരുതെന്നും എല്ലാ ബാങ്കുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2000 രൂപ പ്രചാരത്തിലിരിക്കുന്നതിനാല്‍ വ്യാപാരകേന്ദ്രങ്ങള്‍ 2000 രൂപാ നോട്ടുകള്‍ നിരസ്സിക്കരുതെന്നും ആര്‍ബിഐ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നോട്ടുകള്‍ മാറ്റുന്നതിനായി ബാങ്കുകളില്‍ ഐഡി പ്രൂഫ് ആവശ്യമായി വരുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആര്‍ബിഐ വ്യക്തമാക്കി. നോട്ടുകള്‍ മാറ്റുന്നതിന് ഫോമും തിരിച്ചറിയല്‍ രേഖയും ആവശ്യമില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ അതിന്റെ എല്ലാ ശാഖകളെയും അറിയിച്ചു.