ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയ ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി (69) അന്തരിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം വിടവാങ്ങിയത്. ഒബസ്ട്രക്ടീവ് സ്ലീപ് അപ്നിയയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ജുഹുവിലെ ക്രിട്ടികെയര്‍ ആശുപത്രി ഡയറക്ടര്‍ ദീപക് നംജോഷിയാണ് ഇക്കാര്യം അറിയിച്ചത്. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹത്തെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ വീട്ടിലെത്തിയതിന് ശേഷം ആരോഗ്യസ്ഥിതി വീണ്ടും മോശമായി. ഇതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചു. പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബോളിവുഡിനെ ഇളക്കിമറിച്ച് യുവാക്കളുടെ ഹരമായി മാറിയ ‘ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍’ എന്ന ഡിസ്‌കോ ഗാനത്തിന്റെ സൃഷ്ടാവ് ബപ്പി ലാഹിരിയാണ്. ‘ഡിസ്‌കോ കിംഗ്’ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. റാഹി മസൂം റാസ എഴുതി ബബ്ബര്‍ സുഭാഷ് സംവിധാനം ചെയ്ത് 1982ല്‍ പുറത്തിറങ്ങിയ ‘ഡിസ്‌കോ ഡാന്‍സര്‍’ എന്ന ചിത്രത്തിലെ ലാഹിരിയുടെ ഡിസ്‌കോ സോങ് ആഗോള ഹിറ്റായി മാറുകയും അതിലെ മിഥുന്‍ ചക്രവര്‍ത്തിയുടെ നൃത്ത ശൈലി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ആഗോള ഹിറ്റായത് ഡിസ്‌കോ ഡാന്‍സറാണെങ്കിലും ‘ചല്‍ത്തേ, ചല്‍ത്തേ’, പാര്‍വതി ഖാന്‍ ആലപിച്ച ‘ജിമ്മി ജിമ്മി ജിമ്മി ആജാ’, ലാഹിരി തന്നെ പാടിയ ‘യാദ് ആ രഹാ ഹേ’, ഉഷയ്‌ക്കൊപ്പം സുരേഷ് വാഡ്കര്‍ ആലപിച്ച ‘ഗോരോ കി നാ കാലോ കി’ എന്നിവയും ഇന്നും ജനപ്രിയ ഗാനങ്ങളുടെ പട്ടികയിലുണ്ട്.
‘ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍’, ‘ജിമ്മി ജിമ്മി ആജ ആജ’ എന്നിവ മംഗോളിയ, റഷ്യ, അസര്‍ബൈജാന്‍, ഉസ്ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും സൂപ്പര്‍ ഹിറ്റാണ്. അന്നത്തെ സോവിയറ്റ് യൂണിയനില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ വിദേശ ചിത്രവും ‘ഡിസ്‌കോ ഡാന്‍സറാ’യിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ‘ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍’ എന്ന ഡിസ്‌കോ ഗാനവും.
എഴുപതുകളിലും എണ്‍പതുകളിലും ഹിറ്റായ ഒട്ടേറെ ഗാനങ്ങള്‍ ഇദ്ദേഹത്തിന്റെ സംഭാവനയാണ്. ‘ഹെല്‍ത്ത് ഡിസ്‌കോ ഡാന്‍സര്‍, ബംബൈ സേ ആയാ മേരാ ദോസ്ത്’ തുടങ്ങിയ ഒരുപാട് സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. 1985 ല്‍ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഹിന്ദിക്ക് പുറമെ തമിഴ്, കന്നഡ ഭാഷകളിലും ബാപ്പി ലഹിരി പാടിയിട്ടുണ്ട്.
1970-80കളിലെ നിരവധി സിനിമകളിലെ ജനപ്രിയ ഗാനങ്ങള്‍ നല്‍കിയതിന് ബാപ്പി ലഹ്രി ഏറെ ജനപ്രീതി നേടിയിരുന്നു. ഇന്ത്യന്‍ സിനിമയില്‍ ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയതില്‍ വലിയ പങ്കുവഹിച്ചയാളായിരുന്നു ബപ്പി ലഹ്രി. 2020-ല്‍ പുറത്തിറങ്ങിയ ബാഗി 3 എന്ന സിനിമയിലെ ഭങ്കാസ് ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ബോളിവുഡ് ഗാനം. ഏറ്റവുമധികം സ്വര്‍ണാഭരണങ്ങള്‍ ധരിച്ചെത്തുന്ന ഗായകനെന്ന രീതിയിലും ബപ്പി ലഹ്രി ഏറെ പ്രശസ്തനായിരുന്നു.
2014 ല്‍ ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. മലയാളത്തില്‍ ‘ഗുഡ്‌ബോയ്‌സ്’ സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കി.
പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയിലെ ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ് ലാഹിരി ജനിച്ചത്. ജല്‍പായ്ഗുരിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ മാതാപിതാക്കളായ അപരേഷ് ലാഹിരിയും ബന്‍സുരി ലാഹിരിയും പ്രശസ്ത ബംഗാളി ഗായകരും ശാസ്ത്രീയ സംഗീതജ്ഞരുമായിരുന്നു.