Tuesday, November 26, 2024

വ്യാജമരുന്നുകള്‍ നിയന്ത്രിക്കാന്‍ ബാര്‍കോഡ് നിര്‍ബന്ധമാക്കുന്നു

വ്യാജ ഉത്പന്നങ്ങളെ തിരിച്ചറിയുന്നതിനായി മരുന്നുകള്‍ക്കു ബാര്‍കോഡോ ക്യൂആര്‍ കോഡോ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. രാജ്യത്ത് വ്യാജമരുന്നുകളെ നിയന്ത്രിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിന്റെ ഭാഗമായാണിത്. ലോകത്ത് വിറ്റഴിയുന്ന വ്യാജമരുന്നുകളില്‍ 35 ശതമാനവും ഇന്ത്യയില്‍നിന്നുള്ളവയാണെന്നു നേരത്തെ ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു.

തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയായെന്നും ബാര്‍കോഡ് നിര്‍ബന്ധമാക്കുന്നതിന് ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ മരുന്നുകമ്പനികള്‍ക്കു നിര്‍ദേശം നല്‍കുമെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചന നല്‍കി. നിര്‍ബന്ധിത ചട്ടമായതിനാല്‍ തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവയ്ക്കാകും ബാര്‍കോഡ്. തുടര്‍ന്ന് മരുന്നു നിര്‍മാണമേഖലയില്‍ സമ്പൂര്‍ണമാക്കും.

ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മുന്നൂറോളം മരുന്നുകള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ ബാര്‍കോഡ് നിര്‍ബന്ധമാക്കുക. അലിഗ്ര, ഡോളോ, ഓഗ്മെന്റിന്‍, സാരിഡോണ്‍, കാല്‍പോള്‍, തൈറോനോം ഉള്‍പ്പെടെയുള്ള ആദ്യപട്ടികയിലുണ്ട്. തുടര്‍ന്ന് മുഴുവന്‍ മരുന്നുകള്‍ക്കും ഇവ നിര്‍ബന്ധമാക്കും. മരുന്നുവ്യവസായത്തിനുമാത്രമായി ഏകീകൃത ബാര്‍കോഡ് കൊണ്ടുവരുന്നതിന് കേന്ദ്രീകൃത ഡാറ്റാബേസിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

 

Latest News