ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്ലി ബാര്‍ട്ടി വിരമിച്ചു. 25-ാമത്തെ വയസിലാണ് ഓസ്േ്രടലിയന്‍ താരം അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇതാണ് കളി മതിയാക്കാനുള്ള ഉചിതമായ സമയമെന്നും തീരുമാനത്തില്‍ താന്‍ സന്തോഷവതിയാണെന്നും ഞെട്ടിപ്പിക്കുന്ന വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ആഷ്ലി പറഞ്ഞു. വിജയതൃഷ്ണ നഷ്ടമായെന്നും ക്ഷീണിതയാണെന്നും ബാര്‍ട്ടി വ്യക്തമാക്കി.
തന്റെ പ്രയാണത്തില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി, ഒരുമിച്ച് സൃഷ്ടിച്ച ആജീവനാന്ത ഓര്‍മ്മകള്‍ക്ക് ഞാന്‍ എപ്പോഴുംനന്ദിയുള്ളവളായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയ ആഷ്ലി ബാര്‍ട്ടി 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍, 2021ല്‍ വിംബിള്‍ഡണ്‍ കിരീടവും നേടിയിട്ടുണ്ട്. അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് ആഷ്‌ലി ബാര്‍ട്ടി തന്റെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഇക്കുറി ചൂടിയിരുന്നു. 1978ന് ശേഷം ചാമ്പ്യനാകുന്ന ആദ്യ ഓസ്ട്രേലിയന്‍ വനിത എന്ന വിശേഷണം ഇതോടെ ബാര്‍ട്ടിക്ക് സ്വന്തമായി.
ടെന്നിസില്‍ നിന്ന ഇടക്കാലത്ത് അവധിയെടുത്ത ബാര്‍ട്ടി പ്രഫഷണല്‍ ക്രിക്കറ്ററായി അരങ്ങേറിയിരുന്നു. ഓസ്‌ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗില്‍ ബ്രിസ്‌ബേന്‍ ഹീറ്റ്‌സിന്റെ താരമായിരുന്നു ബാര്‍ട്ടി ഒരിക്കല്‍.
കഴിഞ്ഞ മൂന്ന് കലണ്ടര്‍ വര്‍ഷങ്ങളില്‍ ലോകത്തെ ഒന്നാം റാങ്കുകാരിയായി ആഷ്ലി തുടര്‍ന്നത് ശ്രദ്ധേയമായ നേട്ടമാണ്.