Tuesday, November 26, 2024

അയവില്ലാതെ കനിവില്ലാതെ റഷ്യ; യുക്രൈനില്‍ റഷ്യന്‍ ആക്രമണം മൂന്നാംദിവസവും ശക്തമായി തുടരുന്നു

യുക്രൈനില്‍ റഷ്യന്‍ ആക്രമണം മൂന്നാംദിവസവും ശക്തമായി തുടരുന്നു. തലസ്ഥാനമായ കീവ് പിടിച്ചടക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് സൈന്യം. കഴിഞ്ഞ മണിക്കൂറുകളില്‍ നഗരപ്രാന്തങ്ങളില്‍ നിരവധി സഫോടന പരമ്പരകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നാലു ഭാഗത്തുനിന്നുമായി റഷ്യന്‍സൈന്യം നഗരം വളഞ്ഞിരിക്കുകയാണ്. സൈന്യം കീവിലേക്ക് ഇരച്ചുകയറുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മൈദാന്‍ സ്‌ക്വയറില്‍ ഉഗ്രശബ്ദത്തിലുള്ള സ്ഫോടനം നടന്നതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ ട്രോയിഷ്ചിന മേഖലയിലും സ്ഫോടനപരമ്പര നടന്നു. നഗരമധ്യത്തില്‍നിന്ന് തന്നെ കേള്‍ക്കാവുന്ന തരത്തില്‍ വ്യോമാക്രമണവും ശക്തമാണ്. വാസില്‍കീവിലെ വ്യോമതാവളം വലിയ പോരാട്ടത്തിലൂടെ റഷ്യന്‍സേന പിടിച്ചടക്കിയിട്ടുണ്ട്. താവളം കേന്ദ്രമാക്കിയാണ് നഗരം ലക്ഷ്യമിട്ടുള്ള റഷ്യന്‍ ആക്രമണം ഇപ്പോള്‍ നടക്കുന്നത്.

അതേസമയം, റഷ്യന്‍സേനയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചതായി യുക്രൈന്‍ സൈന്യവും അവകാശപ്പെടുന്നുണ്ട്. കരിങ്കടല്‍ നഗരമായ മികോലൈവില്‍ വലിയ നാശമാണ് റഷ്യയ്ക്കുണ്ടായതെന്ന് യുക്രൈന്‍ അവകാശപ്പെടുന്നു. തലസ്ഥാനം റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് സെലന്‍സ്‌കി വിഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. യുക്രൈന്‍ പൗരന്മാരെ അഭിസംബോധന ചെയ്താണ് സെലന്‍സ്‌കി വിഡിയോ സന്ദേശം പുറത്തുവിട്ടത്. റഷ്യയെ ശക്തമായി പ്രതിരോധിക്കുമെന്നും സെലന്‍സ്‌കി പറഞ്ഞു.

 

Latest News