യുക്രെയ്നിലെ ഡോണ്‍ബാസ് മേഖല ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കി റഷ്യ. വ്യവസായ കേന്ദ്രമായ ഡോണ്‍ബാസില്‍ തുടര്‍ച്ചയായ വ്യോമാക്രമണവും സൈനികനീക്കവും നടത്തി മുന്നേറ്റം സൃഷ്ടിക്കാനാണ് റഷ്യ ശ്രമിക്കുന്നത്.
അധിനിവേശം അഞ്ചാം മാസത്തിലേക്കു കടക്കുന്പോള്‍ ഡോണ്‍ബാസിന്റെ നിയന്ത്രണംപിടിക്കല് യുദ്ധത്തിന്റെ ഗതി നിര്‍ണയിക്കുമെന്നാണു നിരീക്ഷകപക്ഷം. കാരണം, റഷ്യ ഡോണ്‍ബാസ് പിടിച്ചാല്‍ ഭൂമി നഷ്ടമാകുമെന്നു മാത്രമല്ല, യുക്രെയ്നിന്റെ സൈനിക മേധാവിത്വവും നഷ്ടപ്പെടും. ഇതു യുക്രെയ്നുമേല്‍ സമ്മര്‍ദം ശക്തിപ്പെടുത്താന്‍ റഷ്യയെ സഹായിക്കും. മറിച്ചായാല്‍ തിരിച്ചടി ശക്തിപ്പെടുത്തുന്നതിനു യുക്രെയ്നു കരുത്തുപകരുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
തുടക്കത്തില്‍ കീവും ഖാര്‍കീവും പിടിക്കാന്‍ ശ്രമിച്ച റഷ്യ തിരിച്ചടി ശക്തമായതോടെ ഡോണ്‍ബാസിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. മൈനുകളും ഫാക്ടറികളും നിറഞ്ഞ ഈ മേഖലയില്‍ 2014 മുതല്‍ റഷ്യയുടെ പിന്തുണയുള്ള വിമതര്‍ പോരാട്ടം നടത്തുന്നുണ്ട്. തിരിച്ചടികളില്‍നിന്നു പാഠം പഠിച്ച റഷ്യ ഡോണ്‍ബാസ് മേഖലയില്‍ കരുതലോടെയാണു മുന്നേറുന്നത്.
ഇവിടെ യുക്രെയ്ന് പ്രതിദിനം 100 മുതല്‍ 200 വരെ സൈനികരെ നഷ്ടപ്പെടുന്നുണ്ടെന്നു പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖായലോ പൊഡോല്യക് പറഞ്ഞു. അണ്വായുധമൊഴികെ മറ്റെല്ലാ ആയുധങ്ങളും റഷ്യ ഈ മേഖലയില്‍ പ്രയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.