85 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ബിബിസിയുടെ അറബിക് റേഡിയോ പ്രക്ഷേപണം നിര്‍ത്തി. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. സൗദി പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു അറബിക് റേഡിയോ പ്രക്ഷേപണം ബിബിസി ഔദ്യോഗികമായി അവസാനിപ്പിച്ചത്. അവതാരകന് മഹമൂദ് അല്‍മോസല്ലാമിയായിരുന്നു സര്‍വീസ് അവസാനിപ്പിക്കുന്ന വാര്‍ത്ത അറിയിച്ചത്. അവസാന പ്രക്ഷേപണത്തിന് ലക്ഷകണക്കിന് പേര് സാക്ഷികളായി.
ഇതോടെ ബിബിസി വേള്‍ഡ് സര്‍വീസില്‍ കുറഞ്ഞത് 382 പേര്‍ക്ക് ജോലി നഷ്ടപ്പെടും. വേള്‍ഡ് സര്‍വീസ് ചാനലുകളിലേക്കുള്ള ചെലവ് കുറക്കാനും ഡിജിറ്റല്‍ ഉള്ളടക്ക നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായി അറബി, പേര്‍ഷ്യന്‍ റേഡിയോകള്‍ അടച്ചുപൂട്ടുമെന്ന് കഴിഞ്ഞ സ്പെ്തംബറില്‍ ബിബിസി പ്രഖ്യാപിച്ചിരുന്നു.
പ്രതിവര്‍ഷം 50 കോടി പൗണ്ട് ലാഭിക്കുന്നതിനുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമായി അറബി, പേര്‍ഷ്യന്‍ റേഡിയോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടി 2.85 കോടി പൗണ്ട് ലാഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അറിയിച്ചിരുന്നു. ചൈനീസ്, ഹിന്ദി എന്നിവയുള്‍പ്പെടെ 10 ഭാഷകളില്‍ റേഡിയോ പരിപാടികള്‍ നിര്‍മ്മിക്കുന്നതും ബിബിസി നിര്‍ത്തും.
ബിബിസി എംപയര്‍ സര്‍വീസിന്റെ ആദ്യത്തെ വിദേശ ഭാഷാ റേഡിയോ പ്രക്ഷേപണമായി 1938 ജനുവരി മൂന്നിനാണ് ബിബിസി അറബിക് റേഡിയോ ആരംഭിച്ചത്. ലണ്ടനില്‍ നിന്നും കെയ്റോയില്‍ നിന്നുമായിരുന്നു പ്രക്ഷേപണം. ഈജിപ്തുകാരനായ പത്രപ്രവര്ത്തകന് അഹമ്മദ് കമാല്‍ സരൂറായിരുന്നു ആദ്യ അവതാരകന്. ഹുന ലണ്ടന്‍ (ഇത് ലണ്ടന്‍) എന്ന പേരില്‍ അറിയപ്പെട്ട റേഡിയോ ഏറെ പ്രശസ്തമായിരുന്നു.