ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയിൽ പരസ്യ പ്രതികരണവുമായി യുഎസ് രംഗത്ത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസാണ് വിഷയത്തിൽ പ്രതികരിച്ചത്. ഡോക്യുമെന്ററി റിലീസ് ചെയ്തതു മുതൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ത്യൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി -യുടെ ഡോക്യുമെന്ററിയെക്കുറിച്ച് തനിക്ക് അറിയില്ല. അതേസമയം ഇന്ത്യയും യഎസും സംയുക്തമായി നടപ്പിലാക്കുന്ന മൂല്യങ്ങളെക്കുറിച്ച് തനിക്ക് വളരെ പരിചിതമാണ്” – പ്രൈസ് പറഞ്ഞു. ഇരുരാജ്യങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാറുണ്ടെന്നും അവ ശക്തിപ്പെടുത്താൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി 24 -ന് ബിബിസി പുറത്തിറക്കിയ
‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’
എന്ന പേരിലുള്ള ഡോക്യുമെന്ററി വലിയ ചർച്ചയായിരുന്നു. 2002 -ലെ ഗുജറാത്ത് കലാപത്തിന്റെ അനന്തരഫലങ്ങൾ കാണിക്കുകയും, ആ സമയത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കലാപം കൈകാര്യം ചെയ്‌ത രീതിയെക്കുറിച്ചുമാണ് ഡോക്യുമെന്ററിയിൽ പരാമർശിച്ചിരിക്കുന്നത്.
പിന്നാലെ ഡോക്യുമെന്ററി ഇന്ത്യയിൽ കാണുന്നതിൽ നിന്ന് നീക്കം ചെയ്യുകയും യൂട്യൂബ് ഉൾപ്പെടെ നിരവധി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.