ബിബിസി പുറത്തിറക്കിയ ‘ഇന്ത്യ ദി മോദി ക്വസ്റ്റിൻ’ ഓസ്ട്രേലിയയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു. പ്രവാസി സംഘടനകളും ആംനസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളും ചേർന്നാണ് വിവാദ ഡോക്യുമെൻററി പ്രദർശിപ്പിക്കുന്നത്. ഓസ്ട്രേലിയൻ പാർലമെൻറ് ഹാളിലാണ് പ്രദർശനം.
ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന ഡോക്യുമെൻററിയാണ് ഇന്ത്യ ദി മോദി ക്വസ്റ്റിൻ. ഇതേ തുടർന്ന് ഇന്ത്യയിൽ ഡോക്യുമെൻററി നിരോധിച്ചിരുന്നു. അതേസമയം, ഇന്ത്യൻ പ്രധാനമന്ത്രിയുടെ ത്രിദിന സന്ദർശനത്തിൻറെ പശ്ചാത്തലത്തിലാണ് ഓസ്ട്രേലിയയിൽ ഡോക്യുമെൻററി പ്രദർശിപ്പിക്കുന്നത്.
ഓസ്ട്രേലിയൻ പാർലമെൻറിലെ പൊതുപരിപാടികൾക്ക് അനുവദിക്കുന്ന ഹാളിലാണ് പ്രദർശനം. മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധത്തിൻറെ ഭാഗമായാണ് ഡോക്യുമെൻററി പ്രദർശനമെന്നാണ് റിപ്പോർട്ട്. പ്രദർശനത്തിനു ശേഷം 2014ന് ശേഷമുള്ള ഇന്ത്യ എന്ന വിഷയവുമായി ബന്ധപ്പെട്ട ചർച്ചയും സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓസ്ട്രേലിയൻ സെനറ്റർമാരായ ഡേവിഡ് ഷൂബ്രിജ്, ജോർഡൻ സ്റ്റീൽ-ജോൺ, ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിൻറെ മകൾ അക്ഷിത ഭട്ട് എന്നിവരും ചർച്ചകളിൽ പങ്കു ചേരും.