അഫ്ഗാനിസ്ഥാനില്‍ സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറുകൾ അടച്ചുപൂട്ടണമെന്ന് താലിബാൻ ഭരണകൂടം. കാബൂളിലും രാജ്യത്തെ മറ്റു പ്രവിശ്യകളിലുമായി സ്ത്രീകള്‍ക്കായി പ്രവർത്തിക്കുന്ന എല്ലാ ബ്യൂട്ടി പാർലറുകള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. പുതിയ ഉത്തരവ് വൈകാതെ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് താലിബാൻ വക്താവ് അറിയിച്ചു.
ഒരു മാസത്തിനുള്ളിൽ ബ്യൂട്ടി പാർലറുകൾ പ്രവർത്തനം നിർത്തണമെന്നാണ് ഉത്തരവ്. അനുവദിച്ച സമയം പൂർത്തിയാകുന്നതോടെ സ്ത്രീകളുടെ ബ്യൂട്ടി പാർലറുകളുടെ ലൈസൻസ് റദ്ദാക്കാന്‍ താലിബാൻ നേതൃത്വം, കാബൂൾ മുന്‍സിപ്പാലിറ്റിക്കടക്കം നിർദേശം നൽകി. താലിബാന്‍ ഭരണകൂടം അധികാരം പിടിച്ചടക്കിയ ശേഷം സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഏറ്റവും പുതിയ നിയന്ത്രണമാണ് ഇത്. പെൺകുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസവും സ്ത്രീകൾക്ക് ജോലിയും താലിബാൻ നിഷേധിച്ചതിനു പിന്നാലെയാണ് പുതിയ ഉത്തരവുണ്ടായത്. പെൺകുട്ടികൾ ആറാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം നേടിയാൽ മതിയെന്നാണ് താലിബാന്റെ നിർദേശം. സ്കൂളില്‍ പോകുന്നതിനും എൻജിഒകളിൽ ജോലി ചെയ്യുന്നതിനും പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിലക്കുണ്ട്. സർക്കാർ – സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന സ്ത്രീകളെ ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു.
2001-ൽ താലിബാനെ പുറത്താക്കി യുഎസ് സൈന്യം അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷമാണ് കാബൂളിലും മറ്റ് അഫ്ഗാൻ നഗരങ്ങളിലും ബ്യൂട്ടി സലൂണുകൾ തുറന്നത്. 2021 ആഗസ്റ്റ് 15-ന് യുഎസ് സൈന്യം പിന്മാറിയതിനു പിന്നാലെ ഇവയിൽ പലതും രഹസ്യമായും കർശന നിർദേശങ്ങൾ പാലിച്ചും പ്രവർത്തിച്ചിരുന്നു. താലിബാന്റെ പുതിയ നിർദേശത്തോടെ ഈ സ്ഥാപനങ്ങൾക്കാണ് പൂട്ടുവീഴുന്നത്.
പാർക്കുകൾ, തിയേറ്ററുകൾ, ജിമ്മുകൾ, വിനോദസ്ഥലങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ പോകുന്നതിനും സ്ത്രീകൾക്ക് വിലക്കുണ്ട്. കഴിഞ്ഞ വർഷത്തോടെ രാജ്യത്തെ ഭൂരിഭാഗം ഹൈ സ്കൂളുകളും അടച്ചുപൂട്ടിയിരുന്നു. അടുത്ത ബന്ധുവായ പുരുഷൻ കൂടെയില്ലാതെ സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ലെന്ന നിർദേശവും രാജ്യത്തുണ്ട്. 2021 ആഗസ്റ്റ് 15-ന് യുഎസ് സൈന്യം പിന്മാറിയതോടെ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിനു പിന്നാലെയാണ് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായുള്ള നിയമങ്ങളും നിർദേശങ്ങളും കടുപ്പിച്ചത്.