Sunday, November 24, 2024

സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അലസ് ബിയാലറ്റ്സ്‌കിയെ പത്ത് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച് ബെലാറസ് കോടതി

സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അലസ് ബിയാലറ്റ്സ്‌കിയെ പത്ത് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച് ബെലാറസ് കോടതി. രാജ്യത്ത് നടന്ന ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ബിയാലറ്റ്സ്‌കിയ്‌ക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. ജനാധിപത്യ അനുകൂല പ്രവര്‍ത്തകനായ ബിയാലിയാറ്റ്സ്‌കി, സ്വേച്ഛാധിപത്യ രാജ്യത്തെ ഏറ്റവും പ്രമുഖ മനുഷ്യാവകാശ ഗ്രൂപ്പായ വിയാസ്നയുടെ സ്ഥാപകനാണ്. വിയാസ്നയില്‍ നിന്നുള്ള സഹപ്രവര്‍ത്തകര്‍ക്കൊപ്പം 2021ലാണ് ബിയാലിയാറ്റ്സ്‌കി അറസ്റ്റിലാകുന്നത്.

2020 ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അലക്‌സാണ്ടര്‍ ലുകാഷെങ്കോയെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബെലാറസില്‍ പ്രക്ഷോഭം ആരംഭിച്ചത്

ശിക്ഷ അന്യായമാണെന്നും വിധി ഭയാനകമാണെന്നും ബെലാറസില്‍ നിന്ന് നാടുകടത്തപ്പെട്ട പ്രതിപക്ഷ നേതാവ് സ്വിയാറ്റ്‌ലാന സിഖാനൗസ്‌കയ പ്രതികരിച്ചു. ‘ഈ ലജ്ജാകരമായ അനീതിക്കെതിരെ പോരാടാനും അവരെ മോചിപ്പിക്കാനും നാം പരിശ്രമിക്കണം’ സ്വിയാറ്റ്‌ലാന സിഖാനൗസ്‌കയ ട്വിറ്ററില്‍ കുറിച്ചു. കുറ്റം നിഷേധിച്ചിരുന്ന ബിയാലിയറ്റ്‌സ്‌കിക്ക് 12 വര്‍ഷം തടവ് ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂട്ടര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. പോളണ്ട് പ്രധാനമന്ത്രിയും ശിക്ഷയെ അപലപിച്ച് രംഗത്തെത്തി.

കഴിഞ്ഞ ഒക്ടോബറിലാണ് മനുഷ്യാവകാശം, ജനാധിപത്യം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബിയാലിയറ്റ്‌സ്‌കിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്നത്. റഷ്യന്‍ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയലും യുക്രെയ്‌നിന്റെ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസുമായി ചേര്‍ന്നായിരുന്നു ബിയാലിയറ്റ്‌സ്‌കിയുടെ പ്രവര്‍ത്തനം. നൊബേല്‍ സമ്മാനം വിതരണസമയം ബിയാലിയാറ്റ്സ്‌കി ജയിലിലായിരുന്നു. അദ്ദേഹത്തിനുവേണ്ടി ഭാര്യയാണ് പുരസ്‌കാരം സ്വീകരിച്ചത്. ബെലാറഷ്യന്‍ സാഹിത്യ പണ്ഡിതനും സ്‌കൂള്‍ അദ്ധ്യാപകനും മ്യൂസിയം ഡയറക്ടറുമായ ബിയാലിയാറ്റ്‌സ്‌കി 1980 മുതല്‍ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

 

 

Latest News