അതിഥി തൊഴിലാളി ദമ്പതികളുടെ വിശന്നുതളര്‍ന്ന കുഞ്ഞിന് മുലയൂട്ടി കാരുണ്യം പകര്‍ന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ക്ക് പശ്ചിമബംഗാള്‍ ഗവര്‍ണറുടെ ‘മിഷന് കംപാഷന്‍’ പുരസ്കാരവും കീര്‍ത്തിപത്രവും. ഒരു ദിവസത്തെ കേരളസന്ദര്‍ശനത്തിനിടയില്‍ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി ആനന്ദബോസിന്റെ ഹൃദയത്തില്‍ പതിഞ്ഞ ഒരു പത്രവാര്ത്തലൂടെയാണ് രാജ്ഭവന്റെ ‘മിഷന് കംപാഷന്‍’ ആര്യ എന്ന സിവില്‍ പോലീസ് ഓഫീസറെ തേടിയെത്തിയത്. ബിഹാര്‍ സ്വദേശികളായ അച്ഛന് ജയിലിലും അമ്മ ആശുപത്രിയിലുമായപ്പോള് ഒറ്റപ്പെട്ട നാലുമക്കളുടെ താല്‍ക്കാലിക സംരക്ഷണം പോലീസ് സ്റ്റേഷന് ജീവനക്കാര്‍ ഏറ്റെടുത്തു.
നാലുമാസം മാത്രം പ്രായമുള്ള ഇളയ കുഞ്ഞ് വിശന്നു കരഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ സ്വന്തം കുഞ്ഞായിക്കണ്ട് പാലൂട്ടിയ ആര്യ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിലെ ജീവനക്കാരിയാണ്. ഒമ്പതുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. പ്രസവാവധി കഴിഞ്ഞ് മൂന്നുമാസം മുന്‍പാണ് ആര്യ ജോലിയില്‍ പ്രവേശിച്ചത്.
ഹൃദയസ്പര്‍ശിയായ വാര്‍ത്ത വായിച്ച ആനന്ദബോസ് അപ്പോള്‍തന്നെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു. ആര്യയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഗവര്‍ണര്‍ പദവിയില്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ നടപ്പാക്കിയ ‘മിഷന് കംപാഷന്‍’ ജീവകാരുണ്യ പദ്ധതിയിലുള്‍പ്പെടുത്തി 20,000 രൂപയും ഫലകവും കീര്ത്തിപത്രവുമുള്പ്പെട്ട ഗവര്‍ണേഴ്സ് എക്സലന്‍സ് ഇന്‍ സര്‍വീസ് പുരസ്കാരവും പ്രഖ്യാപിച്ചു.