ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാറ്റ് ജിപിടി സേവനങ്ങള്‍ നിരോധിച്ച് ബെംഗളൂരുവിലെ ആര്‍ വി സര്‍വ്വകലാശാല. ചാറ്റ് ജിപിടി ചാറ്റ്ബോട്ട് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ന്യൂയോര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗളൂരുവിലെ ആര്‍ വി സര്‍വ്വകലാശാലയും പുതിയ തീരുമാനം എടുത്തിരിക്കുന്നത്.
ലാബ് ടെസ്റ്റുകള്‍, അസൈന്‍മെന്റുകള്‍, പരീക്ഷകള്‍ എന്നിവയ്ക്കായി വിദ്യാര്‍ത്ഥികള്‍ വ്യാപകമായി ചാറ്റ് ജിപിടി സേവനം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്ന് ആര്‍.വി സര്‍വ്വകലാശാല അധികൃതര്‍ പറയുന്നു. തുടര്‍ന്നാണ് സര്‍വ്വകലാശാല ക്യാംപസിനുള്ളില്‍ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. ചാറ്റ് ജിപിടിയെ കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഗിറ്റ് ഹബ് കോ-പൈലറ്റ്, ബ്ലാക്ക് ബോക്സ് എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ സംവദിക്കാന്‍ കഴിയുന്ന എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ചാറ്റ്ബോട്ട് സംവിധാനമാണ് ചാറ്റ്ജിപിടി. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എത്രയും വേഗത്തില്‍ നല്‍കാന്‍ കഴിയുന്ന സംവിധാനം ചാറ്റ് ജിപിറ്റിയ്ക്കുണ്ട്. ഒരു ഭാഷയില്‍ നിന്ന് മറ്റൊന്നിലേക്ക് വിവര്‍ത്തനം ചെയ്യാനും ഒന്നിലധികം ഭാഷകളില്‍ വാചകങ്ങള്‍ സൃഷ്ടിക്കാനും ഇത് ഉപയോഗിക്കാം.