Monday, November 25, 2024

ഇസ്രായേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശം നൂറാം ദിവസത്തിലേക്ക്; ഹമാസിനെതിരെയുള്ള നടപടികള്‍ തുടരുമെന്ന് ആവര്‍ത്തിച്ച് ഇസ്രായേല്‍

ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശം നൂറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഗാസയില്‍ ഹമാസിനെതിരെയുള്ള നടപടികള്‍ തുടരുമെന്ന് വീണ്ടും പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു.

ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിക്കോ ഏതെങ്കിലും സായുധ ശക്തിക്കോ ഇസ്രയേലിന് തടയാന്‍ കഴിയില്ലെന്നും നെതന്യാഹു പറഞ്ഞു. വടക്കന്‍ ഗാസയില്‍ നിന്ന പലായനം ചെയ്തവര്‍ക്ക് പെട്ടെന്നൊന്നും തിരികെ എത്താന്‍ സാധിക്കില്ലെന്നും നെതന്യാഹു അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം മാത്രം 135 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. 23,843 പേരാണ് പലസ്തീനില്‍ കൊല്ലപ്പെട്ടത്. 60, 317 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 9000ല്‍ അധികം കുട്ടികളും 5300ല്‍ അധികം പേര്‍ സ്ത്രീകളുമാണ്. നൂറില്‍ ഒരാള്‍ എന്ന തോതിലാണ് ഗാസയില്‍ ആളുകള്‍ കൊല്ലപ്പെടുന്നത്. രൂക്ഷമായ വ്യോമാക്രമണമാണ് ബുറൈജ്, നുസുറത്ത്, മഗാസി മേഖലകളില്‍ ഇസ്രയേല്‍ നടത്തുന്നത്.

ഏകപക്ഷീയമായ ആക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യാന്തര നീതിന്യായ കോടതിയില്‍ ഇസ്രയേലിന് എതിരെ ദക്ഷിണാഫ്രിക്ക സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദപ്രതിവാദം പുരോഗമിക്കുകയാണ്. മനുഷ്യാവകാശങ്ങള്‍ ലംഘിച്ചുള്ള ആക്രമണത്തില്‍ ഇസ്രയേലിന് എതിരെ രാജ്യാന്തരതലത്തിലുള്ള പ്രതിഷേധം ശക്തമാണ്.

 

Latest News