Sunday, November 24, 2024

താല്‍ക്കാലിക വെടിനിര്‍ത്തല്‍ തീര്‍ന്ന ഉടന്‍ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുമോ എന്നതില്‍ സംശയമേ വേണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. താല്‍ക്കാലിക വെടിനിര്‍ത്തല്‍ തീര്‍ന്ന ഉടന്‍ ആക്രമണം പുനരാരംഭിക്കുമെന്നും ബുധനാഴ്ച വീഡിയോ സന്ദേശത്തില്‍ നെതന്യാഹു പറഞ്ഞു. വെടിനിര്‍ത്തല്‍ കൂടുതല്‍ ദിവസത്തേക്ക് നീട്ടാനുള്ള ചര്‍ച്ചകള്‍ ഖത്തറിന്റെ മാധ്യസ്ഥ്യത്തില്‍ തുടരുന്നതിനിടെയാണ് പ്രഖ്യാപനം. നാലുദിവസത്തേക്കുകൂടി വെടിനിര്‍ത്തല്‍ നീട്ടണമെന്ന് ഹമാസ് അഭ്യര്‍ഥിച്ചിരുന്നു.

ഹമാസിനെ ഉന്മൂലനം ചെയ്യുക, ബന്ദികളെയെല്ലാം മോചിപ്പിക്കുക, ഗാസ ഇസ്രയേലിന് ഭീഷണിയല്ലെന്ന് ഉറപ്പുവരുത്തുക എന്നീ മൂന്ന് ലക്ഷ്യവും പൂര്‍ത്തീകരിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നാണ് ബുധനാഴ്ച നെതന്യാഹു പറഞ്ഞത്. തീരുമാനത്തിന് മന്ത്രിസഭയുടെയും യുദ്ധമന്ത്രിസഭയുടെയും പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗാസയില്‍ നിരന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇസ്രയേലിനോട് ഐക്യരാഷ്ട്ര സംഘടനയടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ബന്ദികളെ മോചിപ്പിച്ച് വെടിനിര്‍ത്തല്‍ നീട്ടാമെന്ന് ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുന്ന ഖത്തറും ഈജിപ്തും പ്രതീക്ഷിക്കുന്നു. എന്നാല്‍, പത്തുദിവസത്തിനപ്പുറം വെടിനിര്‍ത്തല്‍ സാധ്യമല്ലെന്നതില്‍ ഉറച്ചുനില്‍ക്കുകയാണ് ഇസ്രയേല്‍.

അതിനിടെ, വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു കുട്ടികളടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ക്കായി തിരച്ചില്‍ എന്ന പേരില്‍ ടാങ്കുകള്‍ ഉള്‍പ്പെടെ വന്‍ സന്നാഹങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.

ചൊവ്വാഴ്ച രണ്ടു റഷ്യന്‍ പൗരരെയും പത്ത് ഇസ്രയേലി ബന്ദികളെയും ഹമാസ് വിട്ടയച്ചിരുന്നു. 30 പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. ചര്‍ച്ചകളില്‍ ധാരണയായില്ലെങ്കില്‍ വെടിനിര്‍ത്തല്‍ ബുധന്‍ രാത്രി അവസാനിക്കും. അതിനുമുമ്പായി ബന്ദികളുടെയും തടവുകാരുടെയും അവസാനഘട്ട കൈമാറ്റത്തിനുള്ള ചര്‍ച്ചകള്‍ ബുധന്‍ രാത്രി വൈകിയും തുടര്‍ന്നു.

 

Latest News