ചെറുപ്പം മുതൽ പാലിക്കേണ്ട ഒന്നാണ് കേശസംരക്ഷണം. മുടിവളർച്ചയ്ക്ക് പോഷകാഹാരം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയെല്ലാം വളരെ അത്യാവശ്യമാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം ആരോഗ്യകരമായ മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു പ്രധാനപങ്കു വഹിക്കുന്നു. അതിനൊപ്പം ശീലിക്കേണ്ടതും പതിവാക്കേണ്ടതുമായ ചില പഴങ്ങളുണ്ട്. ഇതാ ആ അഞ്ച് പഴങ്ങൾ…
അവോക്കാഡോ
ആരോഗ്യകരമായ കൊഴുപ്പുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് അവോക്കാഡോ. ഇത് തലയോട്ടിക്ക് ഈർപ്പം നൽകുന്നതിലും മുടിയുടെ ഫോളിക്കിളുകളെ പ്രോത്സാഹിപ്പിക്കുന്നതിലും നിർണ്ണായകപങ്കു വഹിക്കുന്നുണ്ട്. മുടിവളർച്ചയ്ക്ക് അത്യാവശ്യമായ ബി-വിറ്റാമിൻ ആയ ബയോട്ടിൻ ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. മുടി, ചർമ്മം, നഖങ്ങൾ എന്നിവ നിർമ്മിക്കുന്ന പ്രോട്ടീനായ കെരാറ്റിന്റെ ഉൽപാദനത്തിന് ബയോട്ടിൻ സഹായിക്കുന്നു. അവോക്കാഡോകളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ, സി എന്നിവ തലയോട്ടിയെയും മുടിയെയും പാരിസ്ഥിതിക ഘടകങ്ങൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദത്തിൽനിന്നു സംരക്ഷിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്.
പപ്പായ
തലയോട്ടിയിൽ ഈർപ്പവും മുടിയിൽ ജലാംശവും നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത എണ്ണയായ ‘സെബം’ ഉൽപാദിപ്പിക്കുന്നത്തിന് അത്യാവശ്യമായ വിറ്റാമിൻ എ ധാരാളമായി പപ്പായയിൽ അടങ്ങിയിട്ടുണ്ട്. മുടിക്കുണ്ടാകുന്ന മിക്ക പ്രശ്നങ്ങളെയും പരിഹരിക്കാൻ ഈ വിറ്റാമിൻ എ യ്ക്കു സാധിക്കുന്നു. വിറ്റാമിൻ എ യ്ക്കു പുറമെ, പപ്പായയിൽ ഫോളേറ്റ്, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും ശക്തവും തിളക്കമുള്ളതുമായ മുടി നൽകാൻ സഹായിക്കുകയും ചെയ്യുന്നു.
ഓറഞ്ച്
കൊളാജൻ ഉൽപാദനത്തിൽ പ്രധാനപങ്കു വഹിക്കുന്ന വിറ്റാമിൻ സി യുടെ മറ്റൊരു മികച്ച ഉറവിടമാണ് ഓറഞ്ച്. ഓറഞ്ചിലെ ഉയർന്ന വിറ്റാമിൻ സി ഉള്ളടക്കം മുടിയെ ശക്തിപ്പെടുത്തുന്നതിനു സഹായിക്കുന്നു. എല്ലാവരും ഏറെ അഭിമുഖീകരിക്കുന്ന മുടിയുടെ അറ്റം പിളരുന്ന പ്രശ്നത്തെ തടയുന്നതിനും ആരോഗ്യകരമായ മുടിവളർച്ച ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുന്നു. ഓറഞ്ചിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളും ഓക്‌സിഡേറ്റീവ് സമ്മർദവും മൂലമുണ്ടാകുന്ന കേടുപാടുകളിൽനിന്ന് മുടിയെ സംരക്ഷിക്കുന്നു.
പൈനാപ്പിൾ
പൈനാപ്പിളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉൽപാദിപ്പിക്കാൻ സഹായിക്കുകയും മുടിയിഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കുന്ന നിരവധി കാര്യങ്ങൾ ഇതിലുണ്ട്. തലയോട്ടിയിലെ രക്തചംക്രമണത്തിനു പ്രോത്സാഹിപ്പിക്കുന്ന ഒരു എൻസൈമയായ ബ്രോമെലൈൻ ഇതിൽ അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലേക്കുള്ള നല്ല രക്തയോട്ടം രോമകൂപങ്ങളെ ഉത്തേജിപ്പിക്കുന്നതിനും മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും അത്യാവശ്യമാണ്. മുടിയുടെ ആരോഗ്യത്തെ തടസ്സപ്പെടുത്തുന്ന താരൻ എന്ന വലിയ പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ബ്രോമെലൈനിൽ അടങ്ങിയിട്ടുണ്ട്.
ബറീസ് (സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി)
ബെറികളിൽ വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തിനും മുടിക്കും ഒരുപോലെ ഗുണം ചെയ്യും. കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും മുടിയിഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു അവശ്യപോഷകമായ വിറ്റാമിൻ സി യാൽ സമ്പന്നമാണ് ബറീസ്.