തെക്കന്‍ അംഗോളയിലെ ഒരു പൊതുജനാരോഗ്യ കേന്ദ്രത്തില്‍ ഈ ഓഗസ്റ്റില്‍ തന്റെ ആറാമത്തെ കുഞ്ഞിനെ പ്രസവിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും, വിക്ടോറിയ ലൂയിസിന് മനസമാധാനമോ സന്തോഷമോ ഇല്ല. തന്റെ ഗ്രാമമായ ഷികെറ്റിയെങ്ഗിലുള്ള ബാക്കി അഞ്ച് മക്കളെ കാണാനുള്ള ആകാംക്ഷയിലാണ് അവര്‍. തന്റെ ഗ്രാമത്തില്‍ ആശുപത്രിയില്ലാത്തതിനാലാണ് 30 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിയത്. അതുകൊണ്ട് മക്കളെ നോക്കാന്‍ അയല്‍ക്കാരെയാണ് ലൂയിസ് ഏല്‍പ്പിച്ചത്. ഇളയ മകന് രണ്ട് വയസ് മാത്രമാണ് പ്രായം.
ഇതിനെല്ലാം പുറമേ 2012 മുതല്‍ തുടര്‍ച്ചയായി തെക്കന്‍ അംഗോളയെ ബാധിച്ച വരള്‍ച്ച കാരണം തന്റെ മക്കള്‍ക്ക് കഴിക്കാന്‍ പോലും ഒന്നുമില്ലെന്നതും ലൂയിസിനെ ആശങ്കപ്പെടുത്തുന്നു. പ്രത്യേകിച്ച് 2018 മുതല്‍ 2021 വരെയുള്ള ശരാശരിയില്‍ താഴെ മാത്രം ലഭിച്ച മഴ, ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് കുനെന്‍, നമിബെ പ്രവിശ്യകളില്‍, കടുത്ത ഭക്ഷ്യക്ഷാമത്തിനും കന്നുകാലികളുടെ മരണത്തിനും കാരണമായി. ഈ ദക്ഷിണാഫ്രിക്കന്‍ രാജ്യത്ത് 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കാലാവസ്ഥാ പ്രതിസന്ധിയാണിതെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം രൂക്ഷമായ വരള്‍ച്ച പ്രദേശത്തെ നശിപ്പിക്കുന്നത് തുടരുന്നതിനാല്‍ തെക്കന്‍ അംഗോളയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ അസ്തിത്വ ഭീഷണി നേരിടുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ 2021 ജൂലൈയില്‍ നടത്തിയ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
‘ഈ വര്‍ഷം, വളരെ കുറച്ചാണ് മഴ പെയ്തത്. അതിനാല്‍ ഞങ്ങള്‍ക്ക് ഒരു ഉല്‍പ്പന്നവും വളര്‍ത്താന്‍ കഴിഞ്ഞില്ല. തെരുവില്‍ ഭക്ഷണത്തിനായി യാചിച്ചുകൊണ്ട് ഞാന്‍ ദിവസങ്ങളോളം ചെലവഴിച്ചു’. ലൂയിസ് പറഞ്ഞു.
അവള്‍ക്കോ അവളുടെ ഭര്‍ത്താവിനോ പറയത്തക്ക ജോലികളില്ല. അവരുടെ ജീവിതം എല്ലായ്‌പ്പോഴും കൃഷിയെ ആശ്രയിച്ചിരിക്കുന്നു. കുട്ടികള്‍ക്ക് ശരിയായ സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങളില്ല. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം മൂലം വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി ക്ലാസുകളില്‍ ഹാജരാകില്ല. ഇക്കാരണത്താല്‍ തന്നെ അദ്ധ്യാപകരും ഈ ജോലി ഉപേക്ഷിച്ചു. വരള്‍ച്ചയുമായി ബന്ധപ്പെട്ട വെല്ലുവിളികളായ പട്ടിണി, കാട്ടുതീ എന്നിവയും രൂക്ഷമാണ്.
വരള്‍ച്ച ഗ്രാമപ്രദേശങ്ങളിലെ നിരവധി ആളുകളെ ബാധിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഫലം സ്ത്രീകളാണ് കൂടുതല്‍ നേരിടുന്നത്. പ്രദേശത്തെ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ദൗര്‍ലഭ്യം ഗര്‍ഭിണികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. പ്രദേശത്തെ സ്ത്രീകളില്‍ പലരും, ചിലപ്പോള്‍ ഗര്‍ഭിണികള്‍ പോലും, വീട്ടുജോലി ചെയ്യാനും സാമ്പത്തിക സ്രോതസ്സുകള്‍ നേടാനും അയല്‍രാജ്യമായ നമീബിയയിലേക്ക് പോകാനും നിര്‍ബന്ധിതരാകുന്നതായി ക്യൂനെയിലെ ആക്ഷന്‍ ഫോര്‍ റൂറല്‍ ഡെവലപ്മെന്റ് ആന്‍ഡ് എന്‍വയോണ്‍മെന്റ് പറയുന്നു.
ഗര്‍ഭിണികള്‍ പോലും വെള്ളം തേടി ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. കാരണം വെള്ളം ശേഖരിക്കുക എന്നത് അവിടെ ഒരു സ്ത്രീയുടെ ജോലിയാണ്, അവര്‍ ഗര്‍ഭിണികളാണോ അല്ലയോ എന്നതൊന്നും ആരും പരിഗണിക്കില്ല. അലഞ്ഞുതിരിയുന്ന കന്നുകാലികളും മറ്റ് മൃഗങ്ങളും കയറിയിറങ്ങുന്ന ചെറിയ കുളങ്ങളില്‍ നിന്നാണ് കുടിക്കുന്നതിന് മുതല്‍ വസ്ത്രങ്ങള്‍ കഴുകുന്നതിനുവരെയുള്ള വെള്ളം പലരും ശേഖരിക്കുന്നത്.
ശുദ്ധജലമില്ലാത്തതിനാല്‍, ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും തങ്ങളുടെ ദൈനംദിന ശുചിത്വവും നവജാതശിശുക്കളുടെ ശുചിത്വവും പാലിക്കാന്‍ പാടുപെടുകയാണ്. ഭൂരിഭാഗം സ്ത്രീകളും അഴുക്കുവെള്ളം കുടിക്കുന്ന ശീലമുള്ളവരാണ്. സാമ്പത്തിക പരാധീനതകൊണ്ട് ഒരു നേരം മാത്രമേ പലര്‍ക്കും ഭക്ഷണം കഴിക്കാനും കഴിയുന്നുള്ളു.
2022-ല്‍, 137 മില്യണ്‍ ഡോളറിന് ഗവണ്‍മെന്റ് നിര്‍മ്മിച്ച ജലവിതരണ കനാല്‍ കുനെനില്‍ തുറന്നു. എന്നാല്‍ ഈ ഉദ്യമത്തിന് ഫലമുണ്ടായില്ലെന്ന് പല പ്രാദേശിക പ്രവര്‍ത്തകര്‍ പറയുന്നു. കാരണം ഇത് വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ നിന്ന് വളരെ അകലെയാണ്. കൂടുതല്‍ സജീവവും യാഥാര്‍ത്ഥ്യബോധമുള്ളതുമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. തങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് അവസാനമുണ്ടാക്കണമെന്നും കണ്ണീരോടെ അവര്‍ അപേക്ഷിക്കുകയാണ്.