Monday, November 25, 2024

ഭാരതീയ ന്യായ സംഹിത: സ്ത്രീയ്ക്കും പുരുഷനും ലൈംഗികാതിക്രമ കേസുകളില്‍ തുല്യ പരിഗണന

ലൈംഗിക കുറ്റകൃത്യങ്ങളിലെ ലിംഗവ്യത്യാസം ഒഴിവാക്കി പുതുതായി പ്രാബല്യത്തില്‍ വന്ന ഭാരതീയ ന്യായസംഹിത. ഇതുപ്രകാരം ഐപിസി സെക്ഷന്‍ 366എയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എന്ന വാക്കിന് ബദലായി ഭാരതീയ ന്യായ സംഹിതയുടെ 96-ാം വകുപ്പില്‍ ‘കുട്ടി’ എന്ന പദം കൂട്ടിച്ചേര്‍ത്തു.

ഐപിസി സെക്ഷനിലെ 366ബിയിലും ലിംഗ വ്യത്യാസം ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ”വിദേശരാജ്യത്ത് നിന്ന് പെണ്‍കുട്ടിയെ എത്തിക്കുന്നു,” എന്നതിന് പകരം ”വിദേശരാജ്യത്ത് നിന്ന് പെണ്‍കുട്ടിയേയോ ആണ്‍കുട്ടിയേയോ എത്തിക്കുന്നു” എന്നാക്കി മാറ്റിയിട്ടുണ്ട്.

ലൈംഗിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിതയില്‍ ഒരു പ്രത്യേകം അധ്യായവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍,’ എന്നപേരിലുള്ള അധ്യായമാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളിലെ ശിക്ഷാ നടപടിയിലും ഭാരതീയ ന്യായ സംഹിത ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

18, 16, 12 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കുള്ള ശിക്ഷാ രീതിയിലും ഭാരതീയ ന്യായ സംഹിത മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നിലവിലുള്ള ബലാത്സംഗ വ്യവസ്ഥകളും പോക്സോ (Protection of Children from Sexual Offences Act)യും പുതിയ സംയോജിപ്പിക്കുകയും ചെയ്യുന്നുണ്ട്. നിയമവ്യവസ്ഥയിലെ സെക്ഷന്‍ 64(1) ബലാത്സംഗക്കേസിലെ പ്രതിയ്ക്ക് 10 വര്‍ഷം മുതല്‍ ജീവപര്യന്തം തടവ് വരെ വിധിക്കുന്നു. എന്നാല്‍ സെക്ഷന്‍ 64(2) പ്രകാരം ക്രൂരമായ ബലാത്സംഗം നടത്തിയ പ്രതികള്‍ക്ക് 10 വര്‍ഷം മുതല്‍ സ്വാഭാവിക ജീവിതവസാനം വരെ തടവാണ് ശിക്ഷയായി ലഭിക്കുക.

കൂടാതെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 70(2)ല്‍ 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നവര്‍ക്കുള്ള ശിക്ഷാ വിധികളെപ്പറ്റിയാണ് പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷയായി ലഭിക്കുമെന്നാണ് ഈ വകുപ്പില്‍ പറയുന്നത്. കൂടാതെ ഭാരതീയ ന്യായ സംഹിത പ്രകാരം വിവാഹിതയായ സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കാനുള്ള പ്രായപരിധി 15ല്‍ നിന്ന് 18 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.

കൂടാതെ ഭാരതീയ ന്യായ സംഹിതയിലെ 95-ാം വകുപ്പ് പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളെ കുറ്റകൃത്യം ചെയ്യാനായി ഉപയോഗിക്കുന്നവര്‍ക്കെതിരെയുള്ള ശിക്ഷാ നടപടികളെപ്പറ്റി പറയുന്നു. ഒപ്പം നിയമത്തിലെ 135-ാം വകുപ്പില്‍ 18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളെയും തട്ടിക്കൊണ്ടുപോകുന്നവര്‍ക്കെതിരെയുള്ള ശിക്ഷാ നടപടിയെപ്പറ്റിയും വ്യക്തമാക്കുന്നു.

 

 

Latest News