ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ലോകത്തിന് ആശ്വാസമായി ഇസ്രായേൽ- ലബനീസ് അതിർത്തിയിൽ സമാധാനത്തിന്റെ വെള്ളക്കൊടി ഉയരുന്നു. ലെബനനുമായുള്ള ഇസ്രായേലിന്റെ വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ടാണ് അതിർത്തിയിൽ പ്രതീക്ഷകൾ ഉയരുന്നത്. അമേരിക്കയുടെയും ഫ്രാൻസിന്റെയും വെടിനിർത്തൽ നിർദേശങ്ങൾ ഇരുരാജ്യങ്ങളും അംഗീകരിച്ചതിനെ തുടർന്നാണിത്.
ഇസ്രായേൽ ലെബനനിൽനിന്ന് ക്രമേണ സൈന്യത്തെ പിൻവലിക്കുമെന്നും അടുത്ത 60 ദിവസത്തിനുള്ളിൽ തെക്കൻ ലെബനനിലെ അടിസ്ഥാനസൗകര്യങ്ങൾ പുനർനിർമിക്കാൻ ഹിസ്ബുള്ളയെ അനുവദിക്കില്ലെന്നും പ്രസിഡന്റ് ബൈഡൻ ചൊവ്വാഴ്ച ഉച്ചയ്ക്ക് വൈറ്റ് ഹൌസിൽനിന്ന് പ്രഖ്യാപിച്ചു. വെടിനിർത്തൽ കരാർ പൂർണ്ണമായും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ യു. എസും. ഫ്രാൻസും ഇസ്രായേലുമായും ലെബനാനുമായും പ്രവർത്തിക്കുമെന്നും യു. എസ്. സൈനികരെ യുദ്ധത്തിൽ ഏർപ്പെടുത്തില്ലെന്നും ബൈഡൻ ഉറപ്പുനൽകി.
“ഇന്ന് ഒപ്പുവവെച്ച കരാർപ്രകാരം പ്രാദേശികസമയം നാളെ 4 a.m. മുതൽ പ്രാബല്യത്തിൽവരുന്ന ലെബനീസ്, ഇസ്രായേൽ അതിർത്തിവഴിയുള്ള പോരാട്ടം അവസാനിക്കും” – ബൈഡൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഹിസ്ബുള്ളയുടെയും മറ്റ് തീവ്രവാദസംഘടനകളുടെയും ശേഷി ഇസ്രായേലിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്താൻ അനുവദിക്കില്ലെന്നും ലെബനൻ സൈന്യവും സംസ്ഥാന സുരക്ഷാസേനയും സ്വയം വിന്യസിച്ച് അവരുടെ സ്വന്തം പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും ബൈഡൻ പറഞ്ഞു.
ഹിസ്ബുള്ളയടക്കം ധാരണ ലംഘിച്ചാൽ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശങ്ങളുമുണ്ടെന്നും അമേരിക്കൻ പ്രസിഡൻറ് കൂട്ടിച്ചേർത്തു. അതേസമയം ഹിസ്ബുള്ള ധാരണ ലംഘിച്ചാൽ ഇസ്രയേൽ കനത്ത തിരിച്ചടിക്കു മുതിരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്.
ഗാസയിലെ ജനങ്ങളെപ്പോലെ ലെബനൻജനതയും സുരക്ഷയുടെയും സമൃദ്ധിയുടെയും ഭാവി അർഹിക്കുന്നു. പാലസ്തീൻ ജനങ്ങൾക്ക് ഒരു രാഷ്ട്രമുണ്ടെങ്കിൽ ഈ ജനങ്ങളുടെ നിയമാനുസൃതമായ അഭിലാഷങ്ങൾ നിറവേറ്റുന്ന ഒന്നായിരിക്കണമെന്നും ഇസ്രായേലിനെ ഭീഷണിപ്പെടുത്താനോ, ഇറാന്റെ പിന്തുണയോടെ തീവ്രവാദഗ്രൂപ്പുകൾക്ക് അഭയം നൽകാനോ കഴിയാത്ത ഒന്നായിരിക്കണം അതെന്നും ബൈഡൻ പറഞ്ഞു.