Saturday, April 19, 2025

പുടിന് അധികാരത്തിൽ തുടരാനാവില്ലെന്ന് ബൈഡൻ

പുടിന് അധികാരത്തിൽ തുടരാനാവില്ലെന്ന് ബൈഡൻ. പോളണ്ടിലെ ദേശീയ സ്റ്റേഡിയത്തിൽ ഉക്രൈൻ അഭയാർഥികളെ സന്ദർശിച്ച ശേഷം നടത്തിയ പൊതു പ്രസ്താവനയിലാണ് ഇങ്ങനെ പറഞ്ഞത്‌.

റഷ്യയുടെ ഭരണാധികാരിയെ തീരുമാനിക്കേണ്ടത് ബൈഡനല്ലെന്ന് പറഞ്ഞുകൊണ്ട് ക്രെംലിൻ ബൈഡന്റെ പ്രസ്താവനയോട് പ്രതികരിച്ചു. ബൈഡൻ റഷ്യയിൽ ഒരു  ഭരണമാറ്റത്തിന് ആഹ്വാനം ചെയ്യുകയല്ലെന്ന വിശദീകരണവുമായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും രംഗത്തെത്തി. ഉക്രൈനുമായോ  മറ്റേതെങ്കിലും രാജ്യവുമായോ യുദ്ധം ചെയ്യാനോ ആക്രമണത്തിൽ ഏർപ്പെടാനോ റഷ്യൻ പ്രസിഡന്റായ പുടിന്  അധികാരമില്ലെന്നാണ് ജോ ബൈഡൻ സൂചിപിപ്പിച്ചതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.

പോളണ്ടിലെ അഭയാർത്ഥികളെ ബൈഡൻ സന്ദർശിച്ചപ്പോൾ ഉക്രൈനിൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന തങ്ങളുടെ സഹോദരന്മാർക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് സ്ത്രീകൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. തിരികെ താമസസ്ഥലത്ത് വന്ന ബൈഡനെ സഹായികൾ ലീവിലെ ആക്രമണങ്ങളെക്കുറിച്ച് അറിയിച്ചു. ബൈഡൻ, പുടിനെ ‘കൊലപാതകി’ എന്ന് വിശേഷിപ്പിച്ച അതേ സമയത്തു തന്നെയായിരുന്നു ലീവിലെ വ്യോമാക്രമണം നടന്നത്. ആക്രമണത്തിൽ അഞ്ചു പേരോളം കൊല്ലപ്പെട്ടു. ഈ ആക്രമണത്തിൽ കുപിതനായ ബൈഡൻ പൊതുസ്ഥലത്തു വന്ന് പുടിന് അധികാരത്തിൽ തുടരാനാവില്ലെന്ന് പ്രസ്താവിക്കുകയായിരുന്നു.

Latest News