റഷ്യ യുക്രെയ്‌നില്‍ വംശഹത്യ നടത്തുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചു. വ്ളാഡിമിര്‍ പുടിന്‍ ‘യുക്രേനിയന്‍’ എന്ന ആശയം പോലും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുക്രേനിയന്‍ സിവിലിയന്മാരെ റഷ്യ കൊലപ്പെടുത്തിയതിനെ അപലപിച്ച്, പുടിനെ ‘യുദ്ധക്കുറ്റവാളി’ എന്ന് മുദ്രകുത്തണമെന്നും ബൈഡന്‍ നേരത്തെ തുറന്നടിച്ചിരുന്നു.
സിവിലിയന്‍ മരണത്തെക്കുറിച്ചുള്ള ആശങ്കകളും കിഴക്കന്‍ യുക്രൈനില്‍ റഷ്യയുടെ ആക്രമണം വീണ്ടും നടക്കുമോ എന്ന ഭയവും നിലനില്‍ക്കുന്ന അവസരത്തിലാണ് യുഎസ് പ്രസിഡന്റിന്റെ പരാമര്‍ശം.
ചൊവ്വാഴ്ച അയോവയില്‍ നടന്ന ആഭ്യന്തര നയ പരിപാടിയില്‍ വച്ചാണ് ബൈഡന്‍ ഈ പരാമര്‍ശം നടത്തിയത്. ‘യുക്രൈനിലെ റഷ്യക്കാരുടെ പ്രവര്‍ത്തനങ്ങള്‍ വംശഹത്യയെന്നാണ് ഞാന്‍ വിശേഷിപ്പിക്കുന്നത്. കാരണം, പുടിന്‍ യുക്രേനിയന്‍ എന്ന ആശയം പോലും തുടച്ചുമാറ്റാന്‍ ശ്രമിക്കുന്നുവെന്നത് കൂടുതല്‍ വ്യക്തമാണ്. തെളിവുകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണല്ലോ’. ബൈഡന്‍ പറഞ്ഞു.
ബൈഡന്റെ അഭിപ്രായങ്ങളെ യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി സ്വാഗതം ചെയ്തു. ‘ഒരു യഥാര്‍ത്ഥ നേതാവിന്റെ യഥാര്‍ത്ഥ വാക്കുകള്‍’ എന്ന് സെലന്‍സ്‌കി ബൈഡന്റെ വാക്കുകളെ വിശേഷിപ്പിച്ചു. ‘ഇതുവരെ നല്‍കിയിട്ടുള്ള യുഎസ് സഹായത്തിന് ഞങ്ങള്‍ നന്ദിയുള്ളവരാണ്, കൂടുതല്‍ റഷ്യന്‍ അതിക്രമങ്ങള്‍ തടയാന്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ശക്തമായ ആയുധങ്ങള്‍ അടിയന്തിരമായി ആവശ്യമാണ്’. ട്വിറ്റര്‍ സന്ദേശത്തില്‍ സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.