ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാതെ ഇസ്രയേലിനോട് വെടിനിർത്തണമെന്ന് ആവശ്യപ്പെടില്ലെന്ന് അമേരിക്കയുടെ പ്രഖ്യാപനം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. അതിനിടെ, ഹമാസ് ബന്ദികളാക്കിയവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്ന പലസ്‌തീനികൾക്ക് പാരിതോഷികവും സംരക്ഷണവും ഇസ്രയേൽ.പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
‘നിലവില്‍ വെടിനിർത്തലിനായി സമ്മര്‍ദം ചെലുത്തിയാല്‍ ഒരു വിശ്രത്തിനുശേഷം ഇസ്രായേലിനെതിരെ തീവ്രവാദ ആക്രമണങ്ങൾ തുടരാന്‍ അവർക്ക് അവസരം നൽകും.ഇത്തരമൊരു ക്രൂരമായ തീവ്രവാദ ആക്രമണത്തിന് വിധേയരായ ഇസ്രയേലിനെ സംംബന്ധിച്ച് വെടിനിര്‍ത്തല്‍ ഒരു അസഹനീയമായ പ്രവര്‍ത്തിയാകും. കൂടാതെ അതിർത്തിയിൽ തന്നെ തീവ്രവാദ ഭീഷണി കാണുന്നത് തുടരുന്നത് ഏതൊരു രാജ്യത്തിനും വലിയ ബുദ്ധിമുട്ടാകും സൃഷ്ടിക്കുക’, അമേരിക്ക അറിയിച്ചു. യുദ്ധ സാഹചര്യം വിലയിരുത്താന്‍ ടെൽ അവീവിൽ എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും ജോ ബൈഡന്‍റെ നിലപാടിനെ പിന്തുണച്ചു.
അതേസമയം, തീവ്രവാദികള്‍ ബന്ദികളാക്കിയവരെകുറിച്ചുള്ള വിവരങ്ങൾ കൈമാറുന്ന പലസ്‌തീനികൾക്ക് പാരിതോഷികവും സംരക്ഷണവും ഇസ്രയേല്‍ പ്രഖ്യാപിച്ചു. ഇത് ചൂണ്ടിക്കാട്ടി കൊണ്ട് ഗാസയിൽ ഇസ്രയേൽ ലഘുലേഖകൾ വിതരണം ചെയ്‌തു. “സമാധാനത്തോടെ ജീവിക്കാനും നിങ്ങളുടെ മക്കൾക്ക് നല്ല ഭാവി ലഭിക്കാനുമാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ, ഉടൻ തന്നെ ഈ മാനുഷിക പ്രവൃത്തി ചെയ്യുക, നിങ്ങളുടെ പ്രദേശത്ത് ബന്ദികളാക്കിയിരിക്കുന്നതിനെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ പങ്കിടുക,” സൈന്യം ലഘുലേഖയിൽ പറഞ്ഞു.