ഓസ്‌ട്രേലിയയിലെ ഉരഗ വർഗത്തിൽപ്പെട്ട ജീവികൾക്കായുള്ള മൃഗശാലയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ഫണൽ-വെബ് ചിലന്തിയെ കിട്ടിയതായി റിപ്പോർട്ട്. ജീവഹാനി വരെ സംഭവിച്ചേക്കാവുന്ന മാരകവിഷമുള്ളവയാണ് ഓസ്‌ട്രേലിയയിൽ കണ്ടുവരുന്ന ഫണൽ-വെബ് ചിലന്തി.
ഹെംസ്വർത്ത് എന്ന് പേരിട്ടിരിക്കുന്ന ഈ ആൺചിലന്തിക്ക് 9.2 സെന്റീമീറ്റർ നീളമുണ്ട്. 2024 ജനുവരിയിൽ പാർക്കിലെത്തിയ 7.9 സെന്റീമീറ്റർ നീളമുള്ള ഹെർക്കുലീസ് എന്ന ഫണൽ-വെബ് ചിലന്തിയായിരുന്നു ഇതുവരെ ഏറ്റവും വലുത്. ഹോളിവുഡിലെ ഏറ്റവും ശ്രദ്ധേയരായ ഓസ്‌ട്രേലിയൻ നടന്മാരും ഹെംസ്വർത്ത് സഹോദരന്മാരുമായ ക്രിസ്, ലിയാം, ലൂക്ക് എന്നിവരുടെ പേരിലാണ് ഈ ചിലന്തി അറിയപ്പെടുന്നത്.
സിഡ്‌നിയിൽ നിന്ന് 120 കിലോമീറ്റർ വടക്കുള്ള തീരദേശ നഗരമായ ന്യൂകാസിലിലെ പാർക്കിൽ നിന്നാണ് ഇതിനെ കണ്ടത്തിയത്. വലിപ്പം കാരണം പെൺചിലന്തിയാണെന്നാണ് കരുതിയിരുന്നതെങ്കിലും സൂക്ഷ്മപരിശോധനയിൽ അതൊരു ആൺചിലന്തിയാണെന്ന് കണ്ടെത്തുകയായിരുന്നു.
ഓസ്‌ട്രേലിയൻ മ്യൂസിയത്തിന്റെ കണക്കുകൾപ്രകാരം, ഒരു ഫണൽ-വെബ് ചിലന്തിയുടെ ശരാശരി നീളം 1 മുതൽ 5 സെന്റീമീറ്റർ വരെയാണ്. ആൺചിലന്തികൾ സാധാരണയായി പെൺചിലന്തികളെക്കാൾ ചെറുതാണ്.
ജീവൻ രക്ഷിക്കാൻ പോകുന്ന ആന്റിവെനം നിർമിക്കാൻ ഹെംസ്വർത്തിന്റെ വിഷപ്പല്ലുകളിൽ വിഷം വേർതിരിച്ചെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ആൺ ഫണൽ-വെബ് ചിലന്തികൾക്ക് പെൺചിലന്തികളെക്കാൾ ആറിരട്ടി വിഷമുള്ളതിനാൽ ആൺചിലന്തികളിൽ നിന്നാണ് വിഷം വേർതിരിച്ചെടുക്കുന്നത്.