ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് സ്ത്രീകളെ ആക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മാപ്പ് പറഞ്ഞു. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ തന്റെ വാക്കുകള്‍ പിന്‍വലിക്കുന്നതായും മാപ്പ് പറയുന്നതായും അദ്ദേഹം പറഞ്ഞു. പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നും നിതീഷ് വിശദീകരിച്ചു.
കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട് ലൈംഗിക ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കവേയാണ് അശ്ലീലച്ചുവയുളള വാക്കുകള്‍ ബിഹാര്‍ മുഖ്യമന്ത്രി ഉപയോഗിച്ചത്. ജനസംഖ്യാ നിയന്ത്രണത്തില്‍ സ്ത്രീകളെ ബോധവല്‍ക്കരിക്കണം. ഇക്കാര്യത്തില്‍ അറിവുണ്ടായാല്‍ ഭര്ത്താക്കന്മാരെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന് പറയുന്നതിനൊപ്പമായിരുന്നു മുഖ്യമന്ത്രിയുടെ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍.
വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് ബിഹാര്‍ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്കി. നിയമസഭാ രേഖകളില്‍ നിന്ന് ഈ പരാമര്‍ശം ഒഴിവാക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാര്‍ നിയമസഭയിലായിരുന്നു നിതീഷിന്റെ വിവാദ പരാമര്‍ശം.
സി ഗ്രേഡ് സിനിമാ ഡയലോഗിന് സമാനമായ പ്രയോഗമാണ് മുഖ്യമന്ത്രി നിയസഭയില്‍ നടത്തിയതെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ കുറ്റപ്പെടുത്തിയിരുന്നു. ‘ഇത്തരം പരാമര്‍ശങ്ങള്‍ പിന്തിരിപ്പന് മാത്രമല്ല, സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചുമുള്ള അവബോധമില്ലായ്മ കൂടിയാണ്. ഈ പരാമര്‍ശങ്ങള്‍ക്ക് ബീഹാര്‍ മുഖ്യമന്ത്രി രാജ്യത്തുടനീളമുള്ള സ്ത്രീകളോട് മാപ്പ് പറയണം’. ദേശീയ വനിതാ കമ്മീഷന് എക്സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.