Sunday, November 24, 2024

സമ്പാദ്യം മുഴുവന്‍ ദാനം ചെയ്യും; പതിയെ സമ്പന്നരുടെ പട്ടികയില്‍ നിന്ന് പുറത്താകും; പ്രഖ്യാപനവുമായി ബില്‍ ഗേറ്റ്സ്

സമ്പാദ്യത്തിലെ വലിയൊരു പങ്ക് സമൂഹത്തിന് ദാനം ചെയ്യുകയാണെന്ന് പ്രഖ്യാപിച്ച് ശതകോടീശ്വരനും ലോക സമ്പന്നരില്‍ നാലാമനുമായ ബില്‍ ഗേറ്റ്സ്. മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബില്‍ ഗേറ്റ്സ് തന്റെ സമ്പാദ്യത്തിലെ വലിയൊരു പങ്കും സമൂഹനന്മയ്ക്കായി ദാനം ചെയ്യുന്നതോടെ സമ്പന്നരുടെ പട്ടികയില്‍ നിന്നും അദ്ദേഹം താഴേയ്ക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്.

സമ്പാദ്യത്തിലെ 20 ബില്യണ്‍ ഡോളര്‍ തുകയാണ് അദ്ദേഹം ജീവകാരുണ്യ ഫണ്ടിലേക്ക് ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തന്റെ കര്‍ത്തവ്യമാണെന്നും ബില്‍ ഗേറ്റ്സ് പറയുന്നു.

നേരത്തേയും ഇത്തരത്തില്‍ സമ്പത്തിന്റെ വലിയൊരു പങ്ക് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം നല്‍കിയിട്ടുണ്ട്. 2010-ലായിരുന്നു അത് ചെയ്തത്. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ സമ്പാദ്യം വീണ്ടും പഴയതിനേക്കാള്‍ ഇരട്ടിയിലധികമായി വര്‍ധിച്ചു.

ഫോര്‍ബ്സ് മാഗസീന്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം 118 ബില്യണ്‍ ഡോളറാണ് ബില്‍ഗേറ്റ്സിന്റെ സമ്പാദ്യം. എന്നാല്‍ ഇതില്‍ നിന്നും 20 ബില്യണ്‍ ഡോളര്‍ ദാനം ചെയ്യുന്നതോടെ അദ്ദേഹത്തിന്റെ സമ്പത്തില്‍ വലിയ ഇടിവ് സംഭവിക്കുമെന്നാണ് വിലയിരുത്തല്‍. മുന്‍ ഭാര്യ 2000ത്തില്‍ സ്ഥാപിച്ച ജീവകാരുണ്യ സ്ഥാപനമായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനിലേക്കാണ് അദ്ദേഹം തന്റെ സ്വത്തുക്കള്‍ ദാനം ചെയ്യുന്നത്.

വരും ദിനങ്ങളില്‍ തന്റെ സമ്പത്ത് പൂര്‍ണമായും ഇത്തരത്തില്‍ ദാനം ചെയ്യുമെന്നും ബില്‍ ഗേറ്റ്സ് വ്യക്തമാക്കി. ഇതോടെ ലോകസമ്പന്നരുടെ പട്ടികയില്‍ നിന്നും താന്‍ ആത്യന്തികമായി പുറത്താക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Latest News