പൊതുഇടങ്ങളില്‍ പരസ്യബോര്‍ഡുകളും ഫ്ലക്സുകളും സ്ഥാപിക്കുന്നതിനെതിരെ കര്‍ശന നിര്‍ദ്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. തദ്ദേശസ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയോടു കൂടി മാത്രം പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാവൂ എന്നതാണ് ഉത്തരവിലെ പ്രധാന നിര്‍ദ്ദേശം.
അനുമതിയില്ലാതെ പരസ്യബോര്‍ഡുകള്‍ പൊതു നിരത്തുകളിലും പൊതുഇടങ്ങളിലും സ്ഥാപിക്കുന്നതും പിന്നീട് ഇവ നീക്കം ചെയ്യാന്‍ മടിക്കുന്നതും സംസ്ഥാനത്തു വ്യാപകമാവുകയാണ്. ഇത്തരത്തിലുള്ള പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്‍റെ ഇടപെടല്‍. പരസ്യബോര്‍ഡുകളില്‍ തട്ടി അപകടങ്ങള്‍ ഉണ്ടാകുന്നതും സംസ്ഥാനത്തു വ്യാപകമാണ്.
തദ്ദേശ വകുപ്പ് സെക്രട്ടറിമാരെയാണ് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അനുമതികള്‍ക്കായി സമീപിക്കാന്‍ നിയമിച്ചിരിക്കുന്നത്. ഇവ സ്ഥാപിക്കാനായി ഉടമയുടെ അഡ്രസ്, സമ്മതപത്രം, ബോര്‍ഡുകളുടെ വിസ്തീര്‍ണ്ണം, സ്ഥാപിക്കുന്ന കാലയളവ് എന്നിവയും ഉള്‍പ്പെടുത്തിയാണ് തദ്ദേശ സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടാതെ കാലാവധി കഴിഞ്ഞാല്‍ ഇവ നീക്കം ചെയ്യുമെന്ന് അപേക്ഷകര്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി നല്‍കണം.
മുപ്പതു ദിവസത്തിനുള്ളില്‍ ഇവ നീക്കം ചെയ്യാനും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. ഇത് മാറ്റാത്തവരില്‍ നിന്നും ചതുരശ്ര അടിക്കു 20 രൂപ നിരക്കില്‍ പിഴയീടാക്കാനുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.