Friday, April 11, 2025

എറിത്രിയ ജയിലിൽ കഴിഞ്ഞിരുന്ന ബിഷപ്പും വൈദികനും മോചിതരായി

രണ്ട് മാസത്തിലേറെയായി എറിത്രിയയിലെ ജയിലിൽ കഴിഞ്ഞിരുന്ന ബിഷപ്പ് ഫിക്രമറിയം ഹാഗോസ് സാലിം, ഫാ. മെഹെറെറ്റീബ് സ്റ്റെഫാനോസ് എന്നിവരെ മോചിപ്പിച്ചതായി വിവിധ സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്തു. 52- കാരനായ ബിഷപ്പ് എറിത്രിയൻ കാത്തലിക് എപ്പാർക്കി ഓഫ് സെഗെനിറ്റിയുടെ തലവനാണ്. ഫാ. സ്റ്റെഫാനോസ്, ജയിൽവാസത്തിനു മുമ്പ് അതേ എപ്പാർക്കിയിലെ സെന്റ് മൈക്കിൾസ് ഇടവകയിലെ ഇടവക വികാരിയായിരുന്നു. മറ്റൊരു വൈദികനായ കപ്പൂച്ചിൻ ഫ്രയർ അബോട്ട് എബ്രഹാമിനെ മോചിപ്പിച്ചിട്ടുണ്ടോ എന്നത് ഇപ്പോഴും അജ്ഞാതമാണ്.

യൂറോപ്പിൽ നിന്ന് എത്തിയതിനു പിന്നാലെയാണ് ബിഷപ്പ് സാലിമിനെയും രണ്ട് വൈദികരെയും ഒക്‌ടോബർ 15- ന് അസ്മാര അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ ഏജന്റുമാർ അറസ്റ്റ് ചെയ്തത്. മൂന്നു പേരേയും ആദി അബെറ്റോ ജയിലിൽ തടവിലാക്കിയിരിക്കുകയായിരുന്നു. മോചിതരായ രണ്ട് തടവുകാരെയും എറിത്രിയൻ കത്തോലിക്കാ സഭയുടെ തലവനും അസ്മാരയിലെ ആർച്ചുബിഷപ്പുമായ മെംഗസ്റ്റീബ് ടെസ്ഫാമറിയം ഉൾപ്പെടുന്ന ഒരു സംഘമാണ് സ്വീകരിച്ചതെന്ന് ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

എറിത്രിയയിലെ 6 ദശലക്ഷം ജനങ്ങളിൽ ഏകദേശം 4% കത്തോലിക്കരാണ്. എറിത്രിയൻ കത്തോലിക്കാ സഭ പരിശുദ്ധ സിംഹാസനവുമായി പൂർണ്ണമായ കൂട്ടായ്മയിലുള്ള 23 പൗരസ്ത്യ കത്തോലിക്കാ സഭകളിൽ ഒന്നാണ്. വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്തും ലോകമെമ്പാടുമുള്ള പ്രവാസി സമൂഹങ്ങളിലും 1,68,000 അംഗങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

മൂന്നു പേരെയും അറസ്റ്റ് ചെയ്യാനുള്ള കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്ന് ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 2020 നവംബറിൽ യുദ്ധം ആരംഭിച്ചതിനു ശേഷം, സംഘർഷം ആയിരക്കണക്കിന് ആളുകളെയാണ് കൊന്നൊടുക്കിയത്. ലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിലായി. ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യപ്പെട്ടു.

Latest News