ഗൂഗിളിലും യൂട്യൂബിലും രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ബിജെപി ചെലവാക്കിയ തുകയുടെ റിപ്പോര്‍ട്ട് പുറത്ത്. 100 കോടിക്ക് മുകളില്‍ പരസ്യങ്ങള്‍ക്കായി ചെലവാക്കിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡിജിറ്റല്‍ കാമ്പയിനുകള്‍ക്കായി ഇത്രയേറെ തുക ചെലവഴിക്കുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി.
2018 മെയ് 31 നും 2024 ഏപ്രില്‍ 25 നും ഇടയിലുള്ള ഗൂഗിള്‍ പരസ്യങ്ങളിലെ ബിജെപിയുടെ വിഹിതം മൊത്തം ചെലവിന്റെ 26 ശതമാനമാണ്. അതായത് 2018 മുതല്‍ ബിജെപി ചെലവഴിച്ചത് 390 കോടി രൂപ.
ഗൂഗിള്‍ ‘രാഷ്ട്രീയ പരസ്യം’ എന്ന് വിശേഷിപ്പിക്കുന്ന വിഭാഗത്തില്‍ 217,992 ഉള്ളടക്കങ്ങളാണുള്ളത്. അതില്‍ 61,000 ലധികവും ബിജെപിയുടേത്. കര്‍ണാടകയിലെ ജനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് പാര്‍ട്ടിയുടെ പരസ്യങ്ങളില്‍ കൂടുതലും. ഏകദേശം 10.8 കോടിയാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്.
രാജസ്ഥാനായി 8.5 കോടി, ഉത്തര്‍പ്രദേശിനായി 10.3 കോടി, ഡല്‍ഹി 7.6 കോടി രൂപ ഇങ്ങനെയാണ് ചെലവായിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങള്‍ക്ക് മാത്രമായി 39 കോടി രൂപയാണ് ബിജെപി ഗൂഗിളിന് നല്‍കിയത്.