Friday, April 18, 2025

കളിക്കളത്തിലെ അത്ഭുതം; ഫുട്‌ബോൾ ഇതിഹാസം പെലെ യാത്രയാകുമ്പോൾ

“ഞാനോ, ഞാനൊരു സാധാരണ ഫുട്‌ബോൾ കളിക്കാരൻ മാത്രമാണ്”- 1970 കളുടെ ആരംഭത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരൻ ആരാണെന്ന ഒരു പത്രപ്രവർത്തകന്റെ ചോദ്യത്തിന് മുന്നിൽ പെലെ എന്ന ഇതിഹാസ താരത്തിന് നിരത്തുവാൻ പേരുകൾ ഏറെയുണ്ടായിരുന്നു. എന്നാൽ ജനമനസുകളിൽ സിസ്സർ കിക്കുകളിലൂടെ ഇടം നേടിയ സ്വന്തം സ്ഥാനം എന്താണെന്നു പെലെ പറഞ്ഞത് ഇപ്രകാരമായിരുന്നു. അതെ, ഒരിക്കലും ഫുട്‌ബോൾ ലോകത്തെ രാജാവാകുവാൻ അദ്ദേഹം ആഗ്രഹിച്ചില്ല. ആ വിനയമാണ് കളിക്കളത്തിലും പുറത്തും അദ്ദേഹത്തിൻറെ പ്രീതി ഉയർത്തിയത്.

ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരനായിരുന്നു പെലെ. എഡ്‌സൺ അരാഞ്ചസ് ഡോ നാസിമെന്റോ അതായിരുന്നു അദ്ദേഹത്തിൻറെ യഥാർത്ഥ പേര്. ഫുട്ബോൾ ആരാധകർ കറുത്ത മുത്തെന്ന് വാഴ്ത്തിയ പെലെ മൂന്ന് തവണ ആണ് ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്തത്. 18 വർഷത്തോളം ബ്രസീൽ ഫുട്‌ബോൾ രംഗത്ത് നിറഞ്ഞു നിന്ന പെലെ 1,363 കളികളിൽ നിന്നായി 1,281 ഗോളുകൾ നേടിയിരുന്നു. തോൽവി രുചിച്ചു കൊണ്ടായിരുന്നു പെലെ തന്റെ ആദ്യ മത്സരം അവസാനിപ്പിച്ചത്. 1957 ജൂലൈ ഏഴിന് മാരക്കാനയിൽ ആയിരുന്നു പെലെയുടെ അരങ്ങേറ്റ മത്സരം നടന്നത്. അർജന്റീനക്ക് എതിരെ ബ്രസീൽ 2 – 1 നു തോൽവി സമ്മതിച്ചു എങ്കിലും പെലെ എന്ന താരത്തിന്റെ കഴിവുകൾ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കപ്പെട്ട വേദികൂടിയായി മാറി ആ മത്സരം.

ഇതേമത്സരത്തിൽ തന്നെ പെലെ നേടിയ ഗോളിലൂടെ റെക്കോർഡുകളും പിറന്നു. രാജ്യത്തിനായി ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോററായി മാറി പെലെ. ആ റെക്കോർഡ് സ്ഥാപിക്കുമ്പോൾ പെലെയ്ക്ക് പ്രായം പതിനാറ്. ഇന്നും ഈ റെക്കോർഡ് ഭേദിക്കുവാൻ ഒരു ഫുട്‌ബോൾ താരത്തിന് കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 1977 ൽ തന്റെ നാൽപതാം വയസിലായിരുന്നു പെലെ തന്റെ ഫുട്‌ബോൾ കരിയൻ അവസാനിപ്പിച്ചത്. ഫുട്‌ബോളിൽ നിന്നും വിരമിച്ചതിന് പിന്നാലെ 1995 – 1998 കാലയളവിൽ ബ്രസീൽ കായിക മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

വിശപ്പിൽ നിന്നും രക്ഷനേടാൻ അഭയം പ്രാപിച്ച ഫുട്‌ബോൾ

ബ്രസീൽ സാവോ പോളോയിലെ ബോറോയിൽ ആണ് പെലെ ജനിച്ചു വളർന്നത്. പരിമിതമായ സാഹചര്യങ്ങളുടെ നടുവിലും പട്ടിണിയിലും വളർന്ന പെലെയ്ക്ക് വെറും ഒരു വിനോദം മാത്രമായിരുന്നില്ല ഫുട്‌ബോൾ. വിശപ്പ് എന്ന ചിന്തയെ കുറിച്ചുള്ള മറവി കൂടിയായിരുന്നു ആ കളി അവനു സമ്മാനിച്ചത്. പഴയ പത്രക്കടലാസുകളോ സോക്‌സോ ചുരുട്ടിയ പന്തുകൊണ്ടാണ് പെലെ കൂട്ടുകാരോടൊപ്പം കളിച്ചു തുടങ്ങിയത്. വൈകാതെ ഫുട്‌ബോൾ അവനു ലഹരിയായി മാറി.

അങ്ങനെ അവൻ കാൽപ്പന്തിന്റെ വലിയ മൈതാനങ്ങളെ സ്വപ്നം കണ്ടു തുടങ്ങി. കറുത്തവർക്ക് കളിക്കാൻ അനുവാദമില്ലാതിരുന്ന മൈതാനങ്ങളെ ആ ബാലൻ കീഴടക്കി മുന്നേറി. ബ്രസീലിലെ പ്രമുഖ ക്ലബ്ബായ സാന്റോസിലെ പരിശീലന ക്യാമ്പിൽ നിന്നാണ് പെലെ തന്റെ കളിയെ തനതായ ശൈലിയിൽ രൂപപ്പെടുത്തി എടുക്കുന്നത്. മറ്റു കളിക്കാരുടെ നീക്കങ്ങളെ അളന്നു മുറിച്ച് തിരിച്ചറിയാൻ കഴിയുന്ന ‘ഫീൽഡ് വിഷൻ’ എന്ന പ്രത്യേകത ആർജ്ജിച്ചെടുക്കുന്നതും ഇവിടെ നിന്നാണ്.

ചെറു പ്രായത്തിൽ കീഴടക്കിയ ഫുട്‌ബോൾ ലോകം

ഫുട്‌ബോൾ ലോകകപ്പ് ചരിത്രത്തിൽ മൂന്ന് ലോകകപ്പ് കിരീടം ചൂടിയ ഒരൊറ്റ കളിക്കാരൻ മാത്രമേ ഉള്ളു. അത് പെലെയാണ്. ലോകകപ്പിൽ 1958, 1962, 1970 വർഷങ്ങളിൽ ബ്രസീൽ കിരീടമുയർത്തിയപ്പോൾ ആ മൈതാനങ്ങളിൽ കാനറികൾക്കായി പന്തു തട്ടിയവരിൽ പെലെയുമുണ്ടായിരുന്നു. 1958 സ്വീഡനിലാണ് പെലെയുടെ ലോകകപ്പ് അരങ്ങേറ്റം. ആ ലോകകപ്പിൽ വെയ്ൽസിന്റെ ഗോൾവല നിറയ്ക്കുമ്പോൾ പെലെയ്ക്ക് വെറും 17 വയസ്. ആ ഗോളിലൂടെ ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി അദ്ദേഹം.

യുദ്ധം പോലും വഴിമാറിയ ഇതിഹാസം

1967 ജനുവരി 26 ന് തന്റെ ക്ലബ്ബായ സാന്റോസിനൊപ്പം നൈജീരിയയിൽ പെലെ കളിക്കാനിറങ്ങിയപ്പോൾ യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് വിഭാഗങ്ങളും വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. പരസ്പരം പോർവിളിച്ചവരും തമ്മിലടിച്ചവരും കളി കാണാനായി ലാഗോസ് സിറ്റി സ്റ്റേഡിയത്തിന് ചുറ്റും കൂടി. എല്ലാവരുടെ മനസിലും ഒരു ലക്ഷ്യം മാത്രം. പെലെയുടെ കളി കൺനിറയെ കാണുക. യുദ്ധത്തെപ്പോലും പിടിച്ചു നിർത്താൻ കഴിയുന്ന അത്രയും ജനപിന്തുണ ആ കളിക്കാരന് ഉണ്ടായിരുന്നു. കാൽപ്പന്തിനു മാത്രം സാധ്യമാകുന്ന മായാജാലമായിരുന്നു അന്നവിടെ സംഭവിച്ചത്. യുദ്ധത്തെ ഫുട്‌ബോൾ കൊണ്ടു മാറ്റിനിർത്തിയ ആ മനുഷ്യൻ അങ്ങനെ വിശ്വമാനവികനായി.

മൈതാനത്തും ജീവിതത്തിലും എത്രവലിയ പ്രതിസന്ധികളെയും പുഷ്പം പോലെ മറികടന്ന അമാനുഷിക ജീവിതമായിരുന്നു പെലെയുടേത്. പ്രതിസന്ധികളിൽ നിന്നും അദ്ദേഹം കളിച്ചു കയറി. വിജയത്തിലും വിനീതനായി. ഒരു പുഞ്ചിരിയോടെ ലോകത്തെ നേരിട്ടു. താൻ ഫുട്‌ബോൾ രംഗത്തെ വെറുമൊരു കളിക്കാരനായി കണക്കാക്കി ലോകത്തിനു മാതൃകയായി. അതെ, പെലെ മടങ്ങുമ്പോൾ ലോകത്തിനു നഷ്ടമാകുന്നത് പകരം വയ്ക്കാൻ ഇല്ലാത്ത വ്യക്തിത്വം തന്നെ.

Latest News