തെക്കുപടിഞ്ഞാറന്‍ ഐസ്ലന്‍ഡിലെ ഗ്രിന്‍ഡാവക്കിനടുത്തുള്ള ലാവ പ്രദേശത്ത്, റെയ്ക്ജാനസ് പെനിന്‍സുലയിലെ ഓര്‍ബ്ജോര്‍ണ്‍ പര്‍വതത്തിന് മുന്നിലാണ് ബ്ലൂ ലഗൂണ്‍. ഇത് മനുഷ്യനിര്‍മ്മിതമായ ജലാശയമാണ്. അടുത്തുള്ള സ്വാര്‍ട്ട്സെംഗി ജിയോതെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ ഉപയോഗിക്കുന്ന വെള്ളം സംഭരിക്കുന്നതിനു വേണ്ടിയാണ് ഈ ലഗൂണ്‍ ഉപയോഗിക്കുന്നത്. ഇവിടെ നിന്ന് ഒഴുകിയെത്തുന്നതിനാല്‍ ഈ വെള്ളത്തിന് എപ്പോഴും ചൂടുമാണ്. 200 മീറ്റര്‍ വീതിയും 2 കിലോമീറ്റര്‍ നീളവുമുള്ള ലഗൂണിന് 1.5-2 മീറ്ററാണ് ശരാശരി ആഴം. ഉറവിടത്തിലെ ജലത്തിന്റെ താപനില 37-40 ഡിഗ്രി സെല്‍ഷ്യസ് ആണ്. ബ്ലൂ ലഗൂണ്‍ എന്ന ഈ ജിയോതെര്‍മല്‍ ജലാശയം എപ്പോഴും സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കും. മനോഹരമായ ലഗൂണ്‍ കാണാനും വെള്ളത്തിലിറങ്ങാനുമായി വര്‍ഷംതോറും നിരവധി പേരാണ് ഇവിടേക്ക് വരുന്നത്.
ബ്ലൂ ലഗൂണും സോറിയാസിസും
1981 ല്‍ ഈ ലഗൂണില്‍ കുളിച്ച സോറിയായിസ് രോഗിയായ ഒരാള്‍ തനിക്ക് രോഗശമനമുണ്ടായതായി കണ്ടെത്തി. അങ്ങനെയാണ് ഈ വെള്ളത്തിന് ഔഷധഗുണം ഉണ്ടെന്ന രീതിയില്‍ ആളുകള്‍ സംസാരിച്ചു തുടങ്ങിയത്. 1987 മുതല്‍ ഇവിടെ സന്ദര്‍ശകര്‍ക്ക് കുളിക്കാനുള്ള സൗകര്യവും ഒരുക്കി. പിന്നീട് നടത്തിയ പഠനത്തില്‍ ലഗൂണിലെ സള്‍ഫര്‍ അടങ്ങിയ വെള്ളം സോറിയാസിസിന് ശമനമുണ്ടാക്കുമെന്ന് കണ്ടെത്തി. 1994 ല്‍ ഇവിടെ ഒരു സോറിയാസിസ് ക്ലിനിക്കും ആരംഭിച്ചു.
മണ്ണ് ചികിത്സ
വ്യത്യസ്തമായ സ്പാ ചികിത്സകളോ മണ്ണ് ചികിത്സയോ താത്പര്യമുണ്ടെങ്കില്‍ ബ്ലൂ ലഗൂണിലേയ്ക്ക് എത്താം. ബ്ലൂ ലഗൂണ്‍ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന റെയ്ജേജസ് പെനിന്‍സുലയില്‍ ഏതാണ്ട് എല്ലാ തരം ദ്രാവക ലാവയും ഉള്‍പ്പെടുന്നതാണ്.
ബ്ലൂ ലഗൂണ്‍ കമ്പനി
1995 ല്‍ ബ്ലൂ ലഗൂണ്‍ കമ്പനി, സിലിക്ക, ആല്‍ഗ, ഉപ്പ് എന്നിവ അടങ്ങിയ ചര്‍മസംരക്ഷണ ഉത്പന്നങ്ങള്‍ വിതരണം ചെയ്യാനും തുടങ്ങി.
വെള്ളത്തിന് നീല നിറം
സയനോബാക്ടീരിയയുടെ സാന്നിധ്യമുള്ളതിനാലാണ് ലഗൂണിലെ വെള്ളത്തിന് മനോഹരമായ നീലനിറം ലഭിക്കുന്നത്. സൗന്ദര്യവര്‍ധക, രോഗശാന്തി ഗുണങ്ങളുള്ള ഒരുതരം ആല്‍ഗയും ഇവിടെയുണ്ട്.
സഞ്ചാരികള്‍ക്കായി
വെള്ളത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ബാര്‍, മസാജ് സെന്റര്‍, ആവിക്കുളി, ടര്‍ക്കിഷ് ബാത്ത്, റസ്റ്ററന്റ് തുടങ്ങിയവയും ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഓരോ 48 മണിക്കൂറിലും ലഗൂണിലെ വെള്ളം മാറ്റിക്കൊണ്ടിരിക്കുന്നതിനാല്‍ ശുചിത്വവും ഉറപ്പാക്കപ്പെടുന്നു. ഐസ്ലന്‍ഡില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ഇടം കൂടിയാണിത്.