Monday, November 25, 2024

ഗ്രീസില്‍ ബോട്ടപകടം; 79 അഭയാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ഗ്രീസ് കടലിടുക്കില്‍ ബോട്ട് മറഞ്ഞ് 79 അഭയാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

ലിബിയയിലെ ടോബ്രൂക്കിൽ നിന്നു പുറപ്പെട്ട ബോട്ട് ഗ്രീസിനടുത്ത് മുങ്ങുകയായിരുന്നു. ബോട്ടിൽ ഏകദേശം 750 പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. അമിതമായി ആളെ കയറ്റിയത് അപകട കാരണമായെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

104 അഭയാർഥികളെ രക്ഷിച്ച്, കൽമാറ്റ നഗരത്തിലേക്ക് മാറ്റിയതായാണ് വിവരം. രക്ഷപെട്ടവരില്‍ അധികവും 16 മുതൽ 41 വയസ് വരെ പ്രായമുള്ള പുരുഷന്മാരാണെന്നും ഗ്രീസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. പാക്കിസ്ഥാന്‍, സിറിയ, ലിബിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും എന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ രണ്ടു ദിവസം മുമ്പ് സമാനമായ രീതിയില്‍ വലിയ ഒരു ബോട്ടപകടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 100 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഒരു വിവാഹം കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ബോട്ടായിരുന്നു ഇവിടെ അപകടത്തില്‍പെട്ടത്.

Latest News