തെക്കന്‍ ഇറ്റലിയില്‍ അഭയാര്‍ത്ഥികളുമായി സഞ്ചരിച്ച ബോട്ട് തകര്‍ന്ന് അപകടം മരണം 59 ആയി. ഇറ്റലിയിലെ കലാബ്രിയയില്‍ അഭയാര്‍ത്ഥികളുമായി സഞ്ചരിച്ച ബോട്ട് ആണ് തകര്‍ന്നത്. നൂറ്റന്‍പതോളം പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. 12 കുട്ടികളടക്കം 59 പേരാണ് അപകടത്തില്‍ മരിച്ചത്.
27 പേരുടെ മൃതദേഹം തീരത്ത് അടിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. 30 പേരെ ഇനിയും കണ്ടെത്താന്‍ ആയിട്ടില്ല എന്ന് ഇറ്റലി ആഭ്യന്തരമന്ത്രി മതിയോ പിയാന്റെഡോസി പറഞ്ഞു. കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ തെരച്ചില്‍ തുടരുകയാണ്. ഇറാന്‍, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
കുറച്ച് മാസങ്ങള്‍ മാത്രം പ്രായമുള്ള ഒരു കുഞ്ഞും അപകടത്തില്‍ മരിച്ചതായി ഇറ്റലിയിലെ പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയില്‍ നിന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കച്ചവടം ചെയ്യപ്പെട്ട ബോട്ടാണ് അപകടത്തില്‍ പെട്ടത്. ഒരുപാട് പേര്‍ ദാരിദ്ര്യത്തെ തുടര്‍ന്ന് ആഫ്രിക്കയില്‍ നിന്നും മറ്റും ഇറ്റലിയിലേക്ക് കുടിയേറാറുണ്ട്. അനധികൃതമായി അഭയാര്‍ത്ഥികളെ എത്തിക്കുന്നത് കര്‍ശനമായി തടയുമെന്ന് ഇറ്റലി ആഭ്യന്തര മന്ത്രി അറിയിച്ചു.