Monday, November 25, 2024

ലിബിയന്‍ മരുഭൂമിയില്‍ 20ലേറെ മൃതദേഹങ്ങള്‍; അനധികൃത അഭയാര്‍ത്ഥികള്‍ ദാഹജലം കിട്ടാതെ മരണപ്പെട്ടെന്ന് നിഗമനം

ലിബിയന്‍ മരുഭൂമിയില്‍ അഭയാര്‍ത്ഥികള്‍ ദാഹജലം ലഭിക്കാതെ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. മരുഭൂമിയില്‍ പലയിടത്തായി 20 പേരുടെ മൃതദേഹവും അവര്‍ സഞ്ചരിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന വാഹനവുമാണ് കണ്ടെത്തിയത്. കുഫ്ര മേഖലയില്‍ ലിബിയന്‍-സുഡാന്‍ അതിര്‍ത്തിയിലാണ് സംഭവം. കുഫ്ര മേഖലയിലെ ചാഡ് ജില്ലയില്‍ നിന്നും 310 കിലോമീറ്റര്‍ തെക്കുഭാഗത്തായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കടുത്ത ചൂടില്‍ ദാഹജലം ലഭിക്കാതെ മരണപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് ലിബിയന്‍ ഭരണകൂടം. പലയിടത്തായാണ് മൃതശരീരങ്ങള്‍ കിടന്നത്. അവര്‍ സഞ്ചരിച്ചെന്ന് കരുതുന്ന ജീപ്പും കണ്ടെത്തിയിട്ടുണ്ട്.

‘ചാഡ് മരുഭൂമിയില്‍ 20 മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. അനധികൃത അഭയാര്‍ത്ഥികളെന്ന് സംശയിക്കുന്നവരാണ് ദുരന്തത്തിനിരയായിട്ടുള്ളത്. ഇവര്‍ സഞ്ചരിച്ച വാഹനം മരുഭൂമിയില്‍ കേടുവന്ന നിലയിലാണ്. ചാഡില്‍ നിന്നും ലിബിയയിലേക്കുള്ള യാത്രാ മദ്ധ്യേ ദുരന്തമുണ്ടായെന്നാണ് നിഗമനം. മരുഭൂമിയില്‍ കിടന്നിരുന്ന കാറിന് മറ്റ് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. രക്ഷപെടാനായി പലയിടത്തേയ്ക്കും ഓടി തളര്‍ന്നുവീണ നിലയിലാണ് മൃതശരീരങ്ങള്‍ കിടന്നിരുന്നത്.’ കുഫ്ര പോലീസ് അറിയിച്ചു.

ലിബിയയുടെ അതിര്‍ത്തി മേഖലയില്‍ ഈ വര്‍ഷം മരുഭൂമിയില്‍ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. സുഡാനില്‍ നിന്നുള്ള രണ്ടു കുടുംബങ്ങള്‍ ഈ വര്‍ഷം ആദ്യം മരുഭൂമിയില്‍ ദിശതെറ്റി അലഞ്ഞ് ദാഹജലം ലഭിക്കാതെ മരണത്തിന് കീഴടങ്ങിയിരുന്നു.

 

 

Latest News