ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇസ്രയേല്‍ വനിതാസേനാംഗത്തിന്റെ മൃതദേഹം കണ്ടെത്തി. കോര്‍പ്പറല്‍ നോവ മാര്‍സിയാനോഎന്ന 19 -കാരിയായ യുവതിയുടെ മൃതദേഹം ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ഷിഫയ്ക്കു സമീപത്തുനിന്നാണ് കണ്ടെത്തിയത്. നോവയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
“19 വയസ്സുള്ള കോര്‍പ്പറല്‍ നോവ മാര്‍സിയാനോയെ ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മൃതദേഹം ഗാസയിലെ അല്‍-ഷിഫ ഹോസ്പിറ്റലിനോടുചേര്‍ന്നുള്ള സ്ഥലത്ത് ഐ.ഡി.എഫ് സൈന്യം കണ്ടെത്തി. കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു” – സൈന്യം സോഷ്യൽ മീഡിയയിൽ കുറിച്ചു. നോവയുടെ കുടുംബത്തിന് പിന്തുണ നല്‍കുമെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു. അതിനിടെ അല്‍-ഷിഫ ആശുപത്രിസമുച്ചയത്തിനു സമീപമുള്ള കെട്ടിടത്തില്‍നിന്നും ഐ.ഡി.എഫ് കഴിഞ്ഞദിവസം കണ്ടെത്തിയ മറ്റൊരു ബന്ദിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഒക്ടോബര്‍ 7 -ന് ഹമാസ് ബന്ദിയാക്കിയ 65 -കാരനായ യെഹുദിത് വെയ്സിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നും സൈന്യം വ്യക്തമാക്കി. ഫോറന്‍സിക് പരിശോധനയിലൂടെയാണ് ആളെ തിരിച്ചറിഞ്ഞത്.