ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ ഭൗതികശരീരം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പൊതുദർശനത്തിനു വച്ചു. തങ്ങളുടെ പ്രിയപ്പെട്ട പാപ്പായെ അവസാനമായി ഒരുനോക്ക് കാണാനും പ്രാർത്ഥിക്കാനുമായി നിരവധി വിശ്വാസികളാണ് ഇങ്ങോട്ട് ഒഴുകിയെത്തുന്നത്.
“ഇന്ന് ഇറ്റാലിയൻ സമയം രാവിലെ മുതൽ ബെനഡിക്ട് പാപ്പായുടെ ഭൗതികദേഹം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പൊതുദർശനത്തിനു വയ്ക്കും. വിശ്വാസികൾക്ക് പാപ്പായെ കാണാനും അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കാനും അവസരം ഉണ്ടായിരിക്കും” – വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ പറഞ്ഞു. രാവിലെ ഏഴു മണിയോടെ മൃതദേഹം കൈമാറ്റം ചെയ്യപ്പെട്ടതായി വത്തിക്കാൻ റിപ്പോർട്ട് ചെയ്തു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ആർച്ച്‌പ്രീസ്റ്റ് കർദ്ദിനാൾ മൗറോ ഗാംബെറ്റിയുടെ അധ്യക്ഷതയിൽ പ്രാർത്ഥന ഉണ്ടായിരുന്നു. ഈ ചടങ്ങുകൾ ഏകദേശം 30 മിനിറ്റ് നീണ്ടുനിന്നു.
ബെനഡിക്ട് പതിനാറാമന്റെ പേഴ്‌സണൽ സെക്രട്ടറി, മോൺസിഞ്ഞോർ ജോർജ് ഗാൻസ്‌വീൻ, മാസ്റ്റർ ഓഫ് ലിറ്റർജിക്കൽ സെലിബ്രേഷൻസ്, മോൺസിഞ്ഞോർ ഡീഗോ റാവെല്ലി എന്നിവരും സന്നിഹിതരായിരുന്നു. തുടർന്ന്, പൊതുദർശനത്തിനായുള്ള ക്രമീകരണങ്ങൾ നടത്തി. ബെനഡിക്ട് പാപ്പായുടെ മൃതസംസ്ക്കാരം ജനുവരി അഞ്ചാം തീയതി വ്യാഴാഴ്ച രാവിലെ 9.30 -ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ നടക്കും.