ഒക്ടോബർ ഏഴിന് കിബ്ബുട്ട്സ് ബെറിയിൽനിന്ന് ബന്ദിയാക്കപ്പെട്ട ഇറ്റായ് സ്വിർസ്കിയുടെ മൃതദേഹം ഐ. ഡി. എഫ്. കണ്ടെടുത്തു. ബുധനാഴ്ച സൈന്യം പ്രഖ്യാപിച്ച ഷിൻ ബെറ്റ് (ഇസ്രായേൽ സെക്യൂരിറ്റി ഏജൻസി) യുമായുള്ള സംയുക്ത ഓപ്പറേഷനിലാണ് മൃതദേഹം കണ്ടെടുത്തത്. തട്ടിക്കൊണ്ടുപോയി 14 മാസങ്ങൾക്കുശേഷവും ഗാസ മുനമ്പിൽ 100 ബന്ദികൾ ഹമാസിന്റെ തടവിൽ തുടരുകയാണ്.
“കിബ്ബുട്ട്സ് ബെറിയിലെ അംഗമായ ഇറ്റായിയെ 2023 ഒക്ടോബർ ഏഴിന് ഹമാസ് തട്ടിക്കൊണ്ടുപോയി. ബന്ദിയാക്കപ്പെട്ട അവസരത്തിൽ അദ്ദേഹം ദാരുണമായി കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ മൃതദേഹം ഗാസയിൽ സൂക്ഷിക്കുകയും ചെയ്തു” – പ്രസ്താവനയിൽ പറയുന്നു. ഓപ്പറേഷന്റെ ഭാഗമായി, തട്ടിക്കൊണ്ടുപോയവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കുന്ന ഉത്തരവാദിത്തമുള്ള ഐ. ഡി. എഫ്. ഹ്യൂമൻ റിസോഴ്സസ് ഡിവിഷനിലെ സംഘം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറൻസിക് മെഡിസിൻ, ഇസ്രായേൽ പൊലീസ് എന്നിവയുമായി ചേർന്ന് അദ്ദേഹത്തിന്റെ അവശിഷ്ടങ്ങൾ തിരിച്ചറിയാൻ പ്രവർത്തിച്ചു.
“ഇറ്റായിയുടെ മൃതദേഹം ഇസ്രായേലിൽ ശരിയായ സംസ്കാരത്തിനായി തിരികെനൽകുന്നത് അദ്ദേഹത്തിന്റെ കുടുംബത്തിന് നിർണ്ണായകമായ ആശ്വാസം നൽകുന്നു. എന്നിരുന്നാലും, 425 ദിവസത്തെ അടിമത്തത്തിനുശേഷവും കുടുംബങ്ങൾ അവരുടെ പ്രിയപ്പെട്ടവരെ കാത്തിരിക്കുകയാണ്. പല ബന്ദികളും ജീവനോടെയുണ്ടെങ്കിലും ഗുരുതരമായ അപകടത്തിലാണ് അവർ. അടിയന്തിര വൈദ്യസഹായത്തിനും പുനരധിവാസത്തിനും ഉടൻ മോചനം ആവശ്യമാണ്. ബാക്കിയുള്ളവരെ മാന്യമായ സംസ്കാരത്തിനായി തിരികെനൽകണം. നൂറ് ബന്ദികളെയും നാട്ടിലെത്തിക്കാനുള്ള സമയമായിരിക്കുന്നു” – ഹോസ്റ്റേജസ് ആൻഡ് മിസ്സിംഗ് ഫാമിലീസ് ഫോറം പറഞ്ഞു.
ഇതേത്തുടർന്ന് തട്ടിക്കൊണ്ടുപോയ എല്ലാവരെയും വീടുകളിലേക്കു കൊണ്ടുവരാൻ അശ്രാന്തമായി പ്രവർത്തിക്കുന്നത് തുടരുകതന്നെ ചെയ്യുമെന്ന് പ്രത്യേക ദൗത്യസംഘം ഉറപ്പ് നൽകി.