Friday, November 22, 2024

സാങ്കേതിക പ്രശ്‌നങ്ങള്‍ അതിജീവിച്ച് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി

മനുഷ്യനെയും വഹിച്ചുള്ള ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം ലക്ഷ്യത്തിലെത്തി. പേടകം വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി സന്ധിച്ചു. ഫ്‌ലോറിഡയില്‍ നിന്ന് ഇന്നലെ വിക്ഷേപിച്ച സ്റ്റാര്‍ലൈനര്‍ ഏകദേശം 27 മണിക്കൂര്‍ യാത്ര ചെയ്താണ് നിലയത്തില്‍ എത്തിയത്. ന്യൂ യോര്‍ക്ക് സമയം ഉച്ചക്ക് 1:34 നാണ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയവുമായി ഡോക്കിങ് പൂര്‍ത്തിയാക്കിയത്. ഡോക്കിങ് പ്രക്രിയ പൂര്‍ത്തിയാക്കി അല്‍പസമയത്തിനുള്ളില്‍ നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കും.

സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട് തവണ മാറ്റി വെച്ച വിക്ഷേപണം മൂന്നാം ശ്രമത്തിലാണ് വിജയം കാണുന്നത്. ഇന്നലെ രാത്രി 8.22നായിരുന്നു വിക്ഷേപണം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടരുന്നതിനിടെ ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ വീണ്ടും ഹീലിയം ചോര്‍ച്ച ആശങ്കയുണ്ടാക്കിയിരുന്നു. വിക്ഷേപണത്തിന് മുമ്പ് തന്നെ തിരിച്ചറിയുകയും സുരക്ഷ പ്രശ്‌നമില്ലെന്ന് വിലയിരുത്തുകയും ചെയ്ത ഒരു ചോര്‍ച്ചയ്ക്ക് പുറമേ ആണ് രണ്ടിടത്ത് കൂടി ചോര്‍ച്ചയുണ്ടായത്.

രണ്ട് ഹീലിയം വാള്‍വുകള്‍ പൂട്ടി പ്രശ്‌നം തല്‍ക്കാലം പരിഹരിച്ചെന്ന് നാസ വ്യക്തമാക്കി. നേരത്തെയും പലതവണ ഹീലിയം ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നും സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നും പലതവണ വിക്ഷേപണം മാറ്റിവെച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാത്രി വിക്ഷേപണം നടന്നത്.

 

Latest News