നൈജീരിയയിലെ ബോർണോ സംസ്ഥാനത്തെ ചിബോക്കിൽ ക്രൈസ്തവ സമൂഹങ്ങൾക്കുനേരെ ആക്രമണങ്ങൾ വ്യാപകമാക്കി ബൊക്കോ ഹറാം. ഇതേ തുടർന്ന് സമീപദിവസങ്ങളിൽ നാലായിരത്തിലധികം ക്രിസ്ത്യാനികളെ പ്രദേശത്തുനിന്നും മാറ്റിപാർപ്പിച്ചു. ക്രിസ്ത്യൻ ഗ്രാമങ്ങളായ എൻജില, ബൻസിയർ, ഷിക്കാർകിർ, ഇർമിർമുഗ് എന്നിവ ലക്ഷ്യമാക്കി നടത്തുന്ന അക്രമണങ്ങളിൽ പള്ളികളും വീടുകളും കത്തിക്കുകയും അഞ്ചുപേരെ കൊലപ്പെടുത്തുകയും ചെയ്തു.
ജനുവരി 20 ന് ഷിക്കാർകിറിലും ഇർമിർമുഗിലും ഉണ്ടായ ആക്രമണത്തെ തുടർന്ന് 1,500 ലധികം പ്രദേശവാസികളെ മാറ്റിപാർപ്പിച്ചു. ഈ അക്രമങ്ങളിൽ ബൊക്കോ ഹറാം തീവ്രവാദികൾ ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുകയും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു. ആക്രമണങ്ങൾ മൂലം ക്രൈസ്തവർക്ക് ഭക്ഷണവിതരണവും ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ടു.
“ഞങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നത്. അവർ ഞങ്ങളുടെ പള്ളിയും വീടുകളും കത്തിച്ചു. ഞങ്ങളിൽ പലർക്കും എല്ലാം നഷ്ടപ്പെട്ടു” – ഷിക്കാർക്കിറിൽ നിന്ന് ഓടിപ്പോയ കർഷകനായ ഇബ്രാഹിം യാന പറയുന്നു.
സമീപ വർഷങ്ങളിൽ ബൊക്കോ ഹറാമിന്റെ ആക്രമണങ്ങൾ കൂടുതൽ ക്രൂരമായിത്തീർന്നിരിക്കുകയാണ്. ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യമിട്ടാണ് കൂടുതലും ആക്രമണങ്ങൾ ഉണ്ടാകുന്നത്. അവർ ആരാധനാലയങ്ങൾ കത്തിക്കുകയും വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിക്കുന്ന ക്രിസ്ത്യാനികളെ കൊലപ്പെടുത്തുകയും ചെയ്യുന്നു.