ജനുവരി 15-ന് നൈജീരിയയിലെ ചാഡ് തടാകത്തിനരികില്‍ ബോക്കോ ഹറാം സംഘടനയും ഇസ്ലാമിക സ്റ്റേറ്റിന്റെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ പ്രവിശ്യയും തമ്മിലുണ്ടായ രൂക്ഷമായ പോരാട്ടത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് ഫീദെസ് വാര്‍ത്താ ഏജന്‍സി. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടവരില്‍ അധികവും.
നൈജീരിയയില്‍ കാമറൂണ്‍, നൈജീരിയ അതിര്‍ത്തിക്കടുത്ത് ചാഡ് തടാകത്തിനരികില്‍ കഴിഞ്ഞ ദിവസമുണ്ടായ അതിരൂക്ഷമായ പോരാട്ടത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടതായി ഫീദെസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബോക്കോ ഹറാം ബുദുമാ വിഭാഗത്തിന്റെ തലവന്‍ അബൂ ഹുറയ്‌റയുടെ ക്യാമ്പിനുനേരെ ഏഴ് തോണികളിലെത്തിയ ഇസ്ലാമിക സ്റ്റേറ്റിന്റെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ പ്രവിശ്യയിലെ ആളുകള്‍ ആക്രമണം നടത്തിയതോടെയാണ് ഏതാണ്ട് ഒരു മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടം ആരംഭിച്ചത്. കുക്കാവയിലുള്ള കാണ്ഡഹാര്‍, കഡുന റുവ ദ്വീപുകളിലാണ് ആക്രമണം നടന്നത്.
ഇരുവിഭാഗങ്ങളിലും നിരവധി ആളുകള്‍ കൊല്ലപ്പെട്ടതായി ഫീദെസ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടവരില്‍ അധികവും. ആക്രമണം അഴിച്ചുവിട്ട ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ എത്തിയ എഴു തോണികളില്‍ രണ്ടെണ്ണം മാത്രമാണ് തിരികെപ്പോയത്.
2015-ലാണ് ഇസ്ലാമിക സ്റ്റേറ്റിന്റെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ പ്രവിശ്യ ജന്മമെടുത്തത്. ബോക്കോ ഹറാമിന്റെ നേതാവ് അബൂബക്കര്‍ ഷെകാവു ഇസ്ലാമിക് സ്റ്റേറ്റിനോട് കൂറ് പ്രഖ്യാപിക്കുകയും, ബോക്കോ ഹറാമെന്ന പേര് മാറ്റി, ഇസ്ലാമിക സ്റ്റേറ്റിന്റെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ പ്രവിശ്യ എന്ന പേര് സ്വീകരിക്കുകയുമാണ് ചെയ്തത്. പിന്നീടുണ്ടായ വിവിധ പ്രശ്നങ്ങളാല്‍ ഷെകാവു സംഘടനയുടെ നേതൃത്വത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും അദ്ദേഹം തന്നോട് ചേര്‍ന്ന് നിന്നവര്‍ക്കൊപ്പം ബോക്കോ ഹറാം പുനരുജ്ജീവിപ്പിക്കുകയുമായിരുന്നു. പിന്നീട് ഇരുസംഘങ്ങളുമായുണ്ടായ പോരാട്ടത്തിനിടെ 2021-ല്‍ ഷെകാവു സ്‌ഫോടകവസ്തുക്കള്‍ നിറച്ച വസ്ത്രമുപയോഗിച്ച് ആത്മഹത്യ ചെയ്തിരുന്നു.
സിറിയയിലും ഇറാഖിലുമുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് നൈജീരിയയുടെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ബോര്‍ണോയില്‍ നാല് ഖലീഫാത്തുകള്‍ സൃഷ്ടിച്ചിരുന്നു. ചാഡ് തടാകത്തിന് അടുത്തുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം ഉറപ്പാക്കുകയായിരുന്നു ഇതുവഴി അവര്‍ ലക്ഷ്യമിട്ടത്.
നാളുകളായി ചാഡ് തടാകതീരം, ഇസ്ലാമിക് സ്റ്റേറ്റും ബോക്കോ ഹറാമും തമ്മിലുള്ള പോരാട്ടത്തിന്റെ ഇടമായി മാറിയിരുന്നു. ഇതുവഴി നൈജീരിയയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും, കാമറോണിന്റെ തെക്കന്‍ പ്രദേശങ്ങളിലും ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ദുര്‍ഫലങ്ങള്‍ എത്തിയിരുന്നു.
ജനുവരി 13-ന് നാല്‍പ്പത്തിയേഴാമത് പ്ലീനറി അസംബ്ലിയുടെ അവസാനത്തില്‍, കാമറൂണ്‍ മെത്രാന്‍ സമിതി, ബോക്കോ ഹറാമിന്റെ പ്രവൃത്തികളെ അപലപിച്ചിരുന്നു. മേഖലയില്‍ തീവ്രവാദപ്രവര്‍ത്തകരുടെ അതിക്രമങ്ങള്‍ മൂലം മൂന്ന് ലക്ഷത്തിലധികം കാമറൂണ്‍ പൗരന്മാര്‍ക്ക് സ്വഭവനങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്.