നൈജീരിയയുടെ പ്രസിഡന്റായി ഓൾ പ്രോഗ്രസീവ് പാർട്ടി നേതാവ് ബോല ടിനുബു തിരഞ്ഞെടുക്കപ്പെട്ടു. 8.8 ദശ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടിനുബു വിജയിച്ചത്. ടിനുബുവിനു സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ആശംസകൾ അറിയിച്ചു.
ഫെബ്രുവരി 25നാണ് നൈജീരിയയിൽ തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പ് വൈകിയെങ്കിലും സമാധാന പൂർണമായിരുന്നു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, നൈജീരിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് 18 സ്ഥാനാർഥികളാണ് മത്സരിച്ചത്. പ്രതിപക്ഷ പാർട്ടിയായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി അതീകു അബുബക്കർ 6.9 ദശലക്ഷം വോട്ടുകളും ലേബർ പാർട്ടിയുടെ പീറ്റർ ഓബിക്ക് 6.1ദശലക്ഷം വോട്ടും ലഭിച്ചു.
എന്നാൽ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്നു ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. നിയുക്ത പ്രസിഡന്റും ഭരണകക്ഷി പാർട്ടി അംഗവുമായ ടിനുബു രണ്ടുതവണ ലാഗോസ് ഗവർണറായിരുന്നു.